വാളകത്തെ ആള്‍ക്കൂട്ട കൊലപാതകം: പ്രതികള്‍ റിമാന്‍ഡില്‍

മൂവാറ്റുപുഴ: വാളകത്തെ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. വാളകം പടിഞ്ഞാറെകുടിയില്‍ ബിജീഷ് (44), പടിഞ്ഞാറെകുടിയില്‍ അമല്‍ (39), എള്ളുംവാരിയത്തില്‍ സനല്‍ (38), കരോട്ടെ വാളകം കൊല്ലമ്മാങ്കുടിയില്‍ ഏലിയാസ് കെ പോള്‍ (55), പടിഞ്ഞാറെകുടിയില്‍ അനീഷ് (40), പടിഞ്ഞാറെക്കുടിയില്‍ സത്യകുമാര്‍(56), മക്കളായ കേശവ് സത്യന്‍(20), സൂരജ് സത്യന്‍ (26), അറയന്‍ കുന്നത്ത് എമില്‍(27), പുളിക്കപ്പറമ്പില്‍ അതുല്‍ കൃഷ്ണ(23) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. വ്യാഴാഴ്ച രാത്രി വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) നെയാണ് പ്രതികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവ ദിവസം രാത്രി തന്നെ മൂവാറ്റുപുഴ പോലീസ് പത്തുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് കുറ്റംസമ്മതിച്ച പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ച രാത്രിയോടെ രേഖപ്പെടുത്തി. ഇന്ന് അറസ്റ്റിലായ പ്രതികളുമായി സംഭവസ്ഥലത്തെത്തി പോലീസ് തെളിവെടുപ്പും നടത്തിയിരുന്നു. ശേഷം കോടതിയില്‍ ഹാജരാക്കിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. ഡിവൈഎസ്പി എ.ജെ തോമസ്, ഇന്‍സ്‌പെക്ടര്‍മാരായ ബി.കെ അരുണ്‍, രവി സന്തോഷ്, എസ്‌ഐമാരായ ശാന്തി, വിഷ്ണു, ദിലീപ് കുമാര്‍, പി.കെ വിനാസ്, പികെ ഗിരീഷ്, എഎസ്‌ഐമാരായ എം.കെ ഗിരിജ, ജയകുമാര്‍, ജോജി, എസ്‌സിപിഎമാരായ അനസ്, ധനേഷ്, നിഷാന്ത് കുമാര്‍, മിഥുന്‍ ഹരിദാസ്, ഫൈസല്‍, ഷിബു, അനുമോള്‍, മജു, ഷണ്മുഖന്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

 

Back to top button
error: Content is protected !!