കാ​രു​ണ്യ ഹൃ​ദ​യ​താ​ളം ക്ര​മ​ക്കേ​ട് : വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും വാ​ര്‍​ഡം​ഗ​വും കു​റ്റ​ക്കാ​രെ​ന്ന് ഓം​ബു​ഡ്‌​സ്മാ​ന്‍

പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തില്‍ വിവാദമായ കാരുണ്യ ഹൃദയ താളം പദ്ധതിയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. അവറാന്‍, കണ്‍വീനര്‍ സി.എം. അഷറഫ് എന്നിവര്‍ കുറ്റക്കാരെന്ന് ഓംബുഡ്സ്മാന്‍ വിധിച്ചു. നിര്‍ധന രോഗികളെ സഹായിക്കാന്‍ എന്ന പേരില്‍ പഞ്ചായത്ത് പദ്ധതി രൂപീകരിച്ച് പണപ്പിരിവ് നടത്തുകയും, തുക പിന്നീട് ഇവരുടെ സ്വകാര്യ ട്രസ്റ്റിലേക്ക് മാറ്റുകയും ചെയ്തതില്‍ ക്രമക്കേടും അധികാര ദുര്‍വിനിയോഗവും ഉണ്ട്. പഞ്ചായത്തിന്റെ ദുരിതാശ്വാസ നിധി എന്ന പേരില്‍ ശേഖരിച്ച പണം പഞ്ചായത്ത് സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാതെ പ്രസിഡന്റ് എം.എം. അവറാന്‍ ചെയര്‍മാനും, വാര്‍ഡ് മെമ്പര്‍ സി.എം. അഷറഫ് കണ്‍വീനറുമായ സ്വകാര്യ സംഘത്തിന്റെ പേരില്‍ നിക്ഷേപിച്ചതുമൂലം പഞ്ചായത്തിന് ധനം നഷ്ടപ്പെടാന്‍ ഇടയായി. അതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും അയോഗ്യത കല്‍പ്പിക്കാനുള്ള ഉത്തരവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കാന്‍ ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചു. ഒന്നാംപ്രതി എം.എം. അവറാന്‍ മരിച്ചതിനാല്‍ നടപടികള്‍ എടുക്കാനാകില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റേതാണ് ഉത്തരവ്.

പത്തുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വിധി ഉണ്ടായത്. പദ്ധതിയിലെ ക്രമക്കേടും അധികാര ദുര്‍വിനിയോഗവും ചൂണ്ടിക്കാട്ടി അഭിഭാഷകനായ ബേസില്‍ കുര്യാക്കോസാണ് ഓംബുഡ്സ്മാന്‍ മുമ്പാകെ പരാതി നല്‍കിയത്. പദ്ധതിയുടെ മറവില്‍ നടന്ന അഴിമതിയും സാമ്പത്തിക തട്ടിപ്പും അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് എന്‍സിപി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുള്‍ അസീസ് തദ്ദേശ സ്വയംഭരണ മന്ത്രിക്ക് നല്‍കിയ പരാതി കേരളസര്‍ക്കാര്‍ ഓംബുഡ്സ്മാന് കൈമാറി. ഇതു കൂടാതെ യുഡിഎഫിലെ മുസ്ലീംലീഗ് അംഗങ്ങളായിരുന്ന കെ.പി. അബ്ദുള്‍ ജലാല്‍, റാബിയ ഇബ്രാഹിം എന്നിവരും പിരിച്ച പണം സംബന്ധിച്ച് പരാതിപ്പെട്ടിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരെക്കൊണ്ട് പണം പിരിപ്പിക്കുകയും ബക്കറ്റ് പിരിവ് നടത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുഡിഎഫിനു ഉള്ളില്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് ഇടയാകുകയും യുഡിഎഫ് അംഗങ്ങളായ കെ.ഇ. കുഞ്ഞുമുഹമ്മദ്, മെര്‍ലി റോയി, ടി.പി. ഏലിയാസ്, ശിവന്‍ കാദളി എന്നിവര്‍ പദ്ധതിയുമായി വിയോജിക്കുകയും ചെയ്തിരുന്നു. അയോഗ്യനായ സി.എം. അഷ്റഫ് അഞ്ചാംവാര്‍ഡംഗം ആയിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം പ്രസിഡന്റാണ്. ഉത്തരവ് നടപ്പില്‍ വരുന്നതോടെ അന്നു പദ്ധതിയോട് സഹകരിച്ച പഞ്ചായത്ത് മെമ്പര്‍മാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാകുമോ എന്ന ആശങ്കയിലാണ്. എല്‍ഡിഎഫ് അംഗങ്ങള്‍ ആരും പദ്ധതിയില്‍ സഹകരിച്ചില്ല.

Back to top button
error: Content is protected !!