സ്വ​ദേ​ശി ദ​ർ​ശ​ൻ ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ർ​ച്ച​യു​ണ്ടാ​ക​ണം: ജോ​യ്സ് ജോർജ്

മൂവാറ്റുപുഴ: സ്വദേശി ദര്‍ശന്‍ ടൂറിസം പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്ന് ഇടുക്കി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്. ഇടുക്കി മണ്ഡലം ടൂറിസം വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള പ്രദേശമാണ്. എംപിയായിരിക്കെ 99 കോടി രൂപ കേന്ദ്ര ടൂറിസം പദ്ധതിയില്‍നിന്നും അനുവദിപ്പിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാഗമണ്‍ ടൂറിസം കേന്ദ്രം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും തൊഴിലും വരുമാനവും കണ്ടെത്താനാകുന്ന മേഖലയാണ് ടൂറിസം. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ടൂറിസം പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാവുകയോ കേന്ദ്ര പദ്ധതികള്‍ വരികയോ ചെയ്തില്ല എന്നത് നിരാശാജനകമാണ്. സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ 16 കോടിക്ക് നിര്‍മ്മിച്ച ഏലപ്പാറ കൊച്ചുകരിന്തരുവി ഉപ്പുതറ റോഡും, പിഎംജിഎസ്വൈയില്‍ അഞ്ച് കോടിയില്‍ നിര്‍മ്മിച്ച ഏലപ്പാറ ഹെലിബറിയ റോഡും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. അവസരം ലഭിച്ചാല്‍ തോട്ടം തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു. വിനോദ സഞ്ചാരികളുടെ പറുദീസയായ വാഗമണ്ണിന്റെ മണ്ണില്‍ നിന്നും തോട്ടം കാര്‍ഷിക മേഖലകള്‍ കീഴടക്കിയായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ പര്യടനം. നൂറുകണക്കിന് യുവാക്കള്‍ അണിനിരന്ന ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയിലാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്.

 

Back to top button
error: Content is protected !!