കൊലപാതകശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

രാമമംഗലം: കൊലപാതകശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. രാമമംഗലം കിഴുമുറി പുളവന്‍മലയില്‍ രതീഷ് (കാര- 35) നെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്.രാമമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സോണി എന്നയാളെയാണ് രതീഷ് വധിക്കാന്‍ ശ്രമിച്ചത്. രാമമംഗലം, ഇടുക്കി ജില്ലയിലെ മുട്ടം പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതക ശ്രമം, കവര്‍ച്ച, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. നിരന്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന രതീഷിനെ 2023 ഫെബ്രുവരി മുതല്‍ 6 മാസത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ രാമമംഗലം കടവ് ഭാഗത്ത് സ്ത്രീയെ ആക്രമിച്ച് വള കവര്‍ച്ച ചെയ്തതിന് രാമമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. രാമമംഗലം പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജി.ശശീധരന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.എ.അജീഷ്, പ്രശോഭ്.പി.നായര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിജോയ് ചാക്കോ, പി.എസ്.അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

Back to top button
error: Content is protected !!