കിഴക്കൻ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷം

മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. പലയിടങ്ങളിലും പൈപ്പ് വെള്ളം പോലും കിട്ടാക്കനിയാണ്. രണ്ടാര്‍, കിഴക്കേക്കര, പിറവം, കോതമംഗലം, വാരപ്പെട്ടി മേഖലകളടക്കം പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കുന്നില്ല. പലയിടത്തും പൈപ്പ് പൊട്ടിയത് നന്നാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പുഴകളിലടക്കം ജലലഭ്യത കുറവായതോടെ പല മേഖലകളിലും വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കുടിവെള്ള വിതരണവും അവതാളത്തിലായി. കോഴിപ്പിള്ളി പുഴ വറ്റി

കോതമംഗലം: കടുത്ത വേന ലില്‍ കോഴിപ്പിള്ളിപുഴ വറ്റിയതോടെ കോതമംഗലത്ത് ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം 30 ശതമാനമായി കുറഞ്ഞു. കോഴിപ്പിള്ളി പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ശുചീകരിച്ചാണ് കോതമംഗലം നഗരസഭയിലും വാരപ്പെട്ടി പഞ്ചായത്തിലും വിതരണം ചെയ്യുന്നത്. പുഴ വറ്റിയിരിക്കുന്നതിനാല്‍ പമ്പിംഗ് മുടങ്ങുന്നതുമൂലം കുടിവെള്ളം വിതരണം ചെയ്യാനാകാത്ത പ്രതിസന്ധിയിലാണ് ജല അതോറിറ്റി. രണ്ടുമോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ച് 24 മണിക്കൂറും പമ്പ് ചെയ്തിരുന്നിടത്ത് ഇപ്പോള്‍ എട്ടു മണിക്കൂര്‍പോലും പമ്പിംഗ് നടത്താന്‍ കഴിയുന്നില്ല. ആവശ്യകതയുടെ മുപ്പത് ശതമാനംവെള്ളം പോലും വിതരണം ചെയ്യുന്നില്ല. ജലനിരപ്പ് താഴുമ്പോള്‍, പെരിയാര്‍വാലി കനാല്‍വഴി പുഴയിലേക്ക് വെള്ളം ഒഴുക്കിയിരുന്നു. ഒന്‍പതുദിവസമായി പെരിയാര്‍വാലിയില്‍ നിന്ന് വെള്ളം പുഴയിലേക്ക് എത്തിയിട്ടില്ല. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം വെട്ടിച്ചുരുക്കിയതോടെ ഉപഭോക്താക്കള്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. പാചകത്തിന് പോലും വെള്ളം ഇല്ലാത്ത അവസ്ഥയിലാണ് പല വീടുകളും. ടാങ്കര്‍ വെള്ളം വിലകൊടുത്ത് വാങ്ങിയാണ് പലരും കഴിയുന്നത്. കോതമംഗലം നഗരത്തിലെ ഹോട്ടലുകളുടെ പ്രവര്‍ത്തനവും അവതാളത്തിലായി. കടുത്ത ജലദൗര്‍ലഭ്യത്തിനിടെയും കിട്ടുന്ന വെള്ളം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവും ശക്തമാണ്. കിണറുകളില്‍ ശേഖരിക്കാനും കൃഷി നനക്കാനുമെല്ലാം പൈപ്പ് വെള്ളം ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം. ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. നിരവധി ദുരുപയോഗങ്ങള്‍ കണ്ടെത്തുകയും നടപടിയെടുക്കുകയും ചെയ്തുവെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിഷ ഐസക് പറഞ്ഞു.

Back to top button
error: Content is protected !!