വോട്ടിംഗ് സമാധാന പൂർണ്ണമാക്കാൻ കർശന നടപടി.

 

എറണാകുളം : നിയസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പ്രശ്നബാധിത ബൂത്തുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സമാധാനപരമായി വോട്ടു ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. സന്ദർശനത്തിനിടയിൽ പൊതുജനങ്ങളുമായി ചർച്ച ചെയ്തു. അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരാഞ്ഞു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് എസ്.പി വോട്ടർമാരോടു പറഞ്ഞു. ഇലക്ഷനോടനുബന്ധിച്ച് പ്രശ്നക്കാരെ നിരീക്ഷിക്കുകയും ആവശ്യം വന്നാൽ കരുതൽ തടങ്കലിൽ വയ്ക്കുകയും ചെയ്യും. ഇന്നു മുതൽ പോലിസ് വിന്യാസം ആരംഭിക്കും. ഇലക്ഷൻ ദിനത്തിലെ കേസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിന് 3000 പോലീസ് ഉദ്യോഗസ്ഥർ നിയസഭാ തിരഞ്ഞെടുപ്പിന് എറണാകുളം റൂറൽ ജില്ലയിൽ ജില്ലാ പോലിസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ മൂവായിരത്തോളം പോലിസുദ്യോഗസ്ഥർ ക്രമസമാധാന പാലനത്തിന് സജ്ജരാകും. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട 1520 സ്പെഷൽ പോലിസ് ഉദ്യോഗസ്ഥരും കേന്ദ്രസേനയും അണിനിരക്കും. 2590 ബൂത്തുകളാണ് നിലവിലെ കണക്കു പ്രകാരം റൂറൽ ജില്ലയിലുള്ളത്. ഇതിൽ എട്ടെണ്ണം പ്രശ്ന ബാധിത ബൂത്തുകളാണ്. ഇവിടെ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഹന, ആയുധ, മദ്യ, സ്ഫോടകവസ്തു പരിശോധനകൾ കർശനമാക്കി. ഓരോ സബ് ഡിവിഷനു കീഴിലും ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇവർ 24 മണിക്കൂറും പരിശോധന നടത്തും. സ്റ്റേഷൻ അടിസ്ഥാനത്തിലും പ്രത്യേക പട്രോളിംഗ് യൂണിറ്റുകൾ ഉണ്ടാകും. ഇവർ ലോ ആൻറ് ഓർഡർ കാര്യങ്ങൾ കൈകാര്യം ചെയ്യും. പട്രോളിംഗ് വാഹനത്തിൽ വീഡിയോ റെക്കോഡിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്ഷൻ സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിന് സബ്ഡിവിഷൻ തലത്തിൽ ഇലക്ഷൻ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്.പി.കാർത്തിക് പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥിരം കുറ്റവാളികളായവരുടെ വിവരം ശേഖരിച്ചിട്ടുണ്ട്. മുൻകാല കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ ഇപ്പോഴത്തെ പ്രവർത്തനവും നിരീക്ഷിച്ചു വരികയാണ്.

Back to top button
error: Content is protected !!