മേക്കടമ്പിലെ സംഘര്‍ഷസാധ്യത ബൂത്ത്: കേന്ദ്ര സായുധ സേനയടക്കം വിന്യസിച്ചു

മൂവാറ്റുപുഴ: അക്രമ സംഭവങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന മേക്കടമ്പിലെ പോളിംഗ് ബൂത്തില്‍ സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയെത്തി. വാളകം പഞ്ചായത്ത് മേക്കടമ്പിലെ നെയ്ത്ത്ശാല പോളിംഗ് സ്റ്റേഷനിലെ 34-ാം നമ്പര്‍ ബൂത്താണ് പ്രശ്ന ബാധിത ബൂത്തുകളുടെ പട്ടികയിലുള്ളത്. എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബൂത്തിനെ പ്രശ്ന ബാധിത ബൂത്തായി പ്രഖ്യാപിച്ചത്. വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പ്രദേശത്ത് ഇരുമുന്നണികളും തമ്മില്‍ സംഘര്‍ഷവും, കൈയ്യാങ്കളിയും ഉണ്ടാവുകയും, പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ്് പ്രശ്നബാധിത ബൂത്തായി പോലീസ് തെരഞ്ഞെടുത്തത്. ബൂത്തിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന പോലീസ് സേനയ്ക്ക് പുറമേ കേന്ദ്ര സായുധ സേനയെയും വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥ മുന്നില്‍കണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസും കേന്ദ്ര സായുധ സേനയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. മൂന്ന് ബൂത്തുകളാണ് ജില്ലയില്‍ പ്രശ്ന ബാധിത ബൂത്തുകളുടെ പട്ടികയിലുള്ളത്. എറണാകുളം റൂറല്‍ പോലീസിന്റെ പരിധിയിലെ മേക്കടമ്പിന് പുറമേ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ കാവുങ്ങപ്പറമ്പിലെ 76,77 നമ്പര്‍ ബൂത്തുകളാണ് പട്ടികയിലുള്ളത്.

 

Back to top button
error: Content is protected !!