മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു

മൂവാറ്റുപുഴ: മുതിര്‍ന്ന പൗരന്മാരുടെ മാനസികോല്ലാസം ലക്ഷ്യമിട്ട് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. മുവാറ്റുപുഴ നഗരസഭ- വയോമിത്രം പദ്ധതിയുടെ നേതൃത്വത്തില്‍ ശാന്തിഗിരി കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്‌മെന്റ്, ശ്രീമൂലം യൂണിയന്‍ ക്ലബ് എന്നിവരുമായി സഹകരിച്ച് ഏകദിന സ്‌നേഹയാത്ര സംഘടിപ്പിച്ചത്. രാവിലെ 8 ന് മൂവാറ്റുപുഴ നഗരസഭ വെല്‍ഫയര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജശ്രീ രാജു ഫ്‌ളാഗ് ഓഫ് ചെയ്തു.നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ അബ്ദുല്‍ സലാം പി എം, നിസ്സാ അഷ്റഫ്, വാര്‍ഡ് കൗണ്‍സിലര്‍ അമല്‍,മുന്‍ കൗണ്‍സിലര്‍ ബിനീഷ്, എന്നിവരും സന്നിഹിതരായിരുന്നു. കഴിഞ്ഞ 2 വര്‍ഷത്തോളമായി കോവിഡ് മൂലം വീടിനുള്ളില്‍ അടച്ചിരുന്ന മുതിര്‍ന്ന പൗരന്മാരുടെ മാനസികോല്ലാസം ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചത്. നഗരസഭയുടെ സ്നേഹവീട് വൃദ്ധസദനത്തില്‍ നിന്നുള്ള ആളുകള്‍ ഉള്‍പ്പടെ നഗരസഭാ പരിധിയിലുള്ള അമ്പതോളം വയോജനങ്ങള്‍ ആണ് യാത്രയില്‍ പങ്കെടുത്തത്. 85 വയസ്സ് ഉള്ളവര്‍ വരെ യാത്ര ആസ്വദിച്ചു. വയോമിത്രം സ്റ്റാഫ് അംഗങ്ങള്‍,കോളേജ് വിദ്യാര്‍ഥികള്‍,നാടന്‍ പാട്ട് കലാകാരിയും സംസ്ഥാന ഫോക്ക്‌ലോര്‍ യുവപ്രതിഭ പുരസ്‌ക്കാര ജേതാവ് രാജി ഏളംകുന്നപുഴ എന്നിവര്‍ ഉള്‍പ്പടെ ആണ് വയോജനങ്ങള്‍ക്കൊപ്പം പങ്കെടുത്തത്.ഞാറയ്ക്കല്‍ അക്വാ ടൂറിസം സെന്റര്‍,ലൈറ്റ് ഹൌസ്,ബീച്ച്,വല്ലാര്‍ പാടം പള്ളി, മറൈന്‍ഡ്രൈവ്,എന്നിടങ്ങളില്‍ സന്ദര്‍ശനം നടത്തി.പ്രോജക്ട് കോഡിനേറ്റര്‍ നിഖില്‍ വി,സ്നേഹവീട് വൃദ്ധസദനം സുപ്രണ്ട് ജിമ്മി ഏലിയാസ്,സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളായ അനുപ്രിയ, അഖില്‍, സോണ എന്നിവര്‍ നേതൃത്വം നല്‍കി. ജെറിയാട്രിക് ടൂറിസവുമായി ബന്ധപെട്ടു സംഘടിപ്പിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രകള്‍ തുടര്‍ന്നും നടത്തുമെന്നു അധികൃതര്‍ അറിയിച്ചു.

Back to top button
error: Content is protected !!