ഇംഗ്ലീഷ് പഠനത്തിന് മലയാളവുമായി റവ.ഡോ. സിജൻ ഊന്നുകല്ലേൽ

 

വാഴക്കുളം: മലയാളത്തിലൂടെ ഇംഗ്ലീഷിൻ്റെ കൊടുമുടി കീഴടക്കാൻ നൂതന പഠന സംവിധാനവും പുസ്തകവുമൊരുക്കി സിഎംഐ സഭാ വൈദികൻ. വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ കൂടിയായ റവ.ഡോ.സിജൻ പോൾ ഊന്നുകല്ലേൽ ആണ് കുട്ടികൾക്കും മുതിർന്നവർക്കും മധുരതരമായി ഇംഗ്ലീഷിനെ സ്വായത്തമാക്കാൻ വഴിയൊരുക്കിയിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കു പോലും ഇംഗ്ലീഷ് ഭാഷ തെറ്റുകൂടാതെ എഴുതി വായിച്ച് അനായാസമായി ആശയവിനിമയം ചെയ്യാൻ കഴിയുന്നില്ല. ആഗോളതലത്തിൽ മുൻനിര ഭാഷയായി അന്താരാഷ്ട്ര വിനിമയങ്ങളിൽ പ്രാധാന്യമുള്ള ഇംഗ്ലീഷിനെക്കുറിച്ചുള്ള അജ്ഞത മലയാളികളുടെ അനന്ത സാധ്യതകളെ പരിമിതപ്പെടുത്തുന്നതായി ഡോ.സിജൻ പോൾ പറയുന്നു.രണ്ടു പതിറ്റാണ്ടിലേറെ അധ്യാപന പരിചയമുള്ള ഫാ.സിജൻ കുട്ടികളെ ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരാക്കാൻ പല രീതികൾ പരീക്ഷിച്ചാണ് പുതിയ പന്ഥാവിലെത്തിയത്.

ഇംഗ്ലീഷ് സാഹിത്യത്തിലും ഗണിത ശാസ്ത്രത്തിലും മാസ്റ്റർ ബിരുദവും ബി.എഡിന് ഒന്നാം റാങ്കും നേടിയ ഫാ.സിജൻ സ്കൂൾ മാനേജുമെൻ്റിലാണ് ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്.

അക്ഷരങ്ങൾ,അവയുടെ ഉച്ചാരണ ശൈലി എന്നിവയിൽ തുടങ്ങി വാക്കുകൾ,വാക്യങ്ങളുടെ നിർമിതി എന്നിവയിൽ അവഗാഹം വളർത്തുന്ന രീതി കുട്ടികൾക്കും ഒപ്പം അധ്യാപകർക്കും വിദേശത്തു പഠനവും ജോലിയും ആഗ്രഹിക്കുന്നവർക്കും സ്വപ്ന സാഫല്യത്തിന് ഉതകുന്നതാണ്.

കാർമൽ സ്കൂളിലെ കുട്ടികൾക്ക് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയിരിക്കുകയാണ് അവരുടെ പ്രധാനാധ്യാപകൻ കണ്ടെത്തിയ ഈ പുതിയ രീതി.

ഇംഗ്ലീഷ് കൈപ്പിടിയിലൊതുക്കാൻ ഒരു മാസത്തെ ഓൺലൈൻ പരിശീലനവും ഇദ്ദേഹം തയാറാക്കിയിട്ടുണ്ട്.പുതിയ പഠനരീതി സംഗ്രഹിച്ച് ലേൺ ഇംഗ്ലീഷ് ത്രൂ മലയാളം:എ ഹാൻഡ് ബുക്ക് റ്റു സ്റ്റഡി കറക്ട് ഇംഗ്ലീഷ് എന്ന പേരിൽ പുസ്തക രൂപത്തിൽ ആക്കിയിട്ടുമുണ്ട്.

Back to top button
error: Content is protected !!