മൂവാറ്റുപുഴ

റീബില്‍ഡ് കേരളം 2020-21 ; 50 ലക്ഷം രൂപയുടെ പദ്ധതികളുമായി മൃഗസംരക്ഷണ വകുപ്പ്.

 

നിയോജക മണ്ഡലതല ഉദ്ഘാടനം 25ന് രാവിലെ 10.30ന് ആയവന ഗ്രാമപഞ്ചായത്തില്‍ എല്‍ദോ എബ്രഹാം എം എല്‍ എ നിര്‍വ്വഹിക്കും.

മൂവാറ്റുപുഴ: റീബില്‍ഡ് കേരളം 2020-21 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ പാല്‍, മുട്ട, ഇറച്ചി സ്വയംപര്യാപ്ത ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ഈമാസം 25ന് രാവിലെ 10.30ന് ആയവന ഗ്രാമപഞ്ചായത്തില്‍ എല്‍ദോ എബ്രഹാം എം എല്‍ എ നിര്‍വ്വഹിക്കും. പദ്ധതിക്കായി 50-ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ സമീപകാലത്തുണ്ടായ മഹാപ്രളയങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കര്‍ഷകരെ വീണ്ടും ക്ഷീര കാര്‍ഷീക മേഖലയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പശു വളര്‍ത്തലിനായി രണ്ട് പശുക്കളെ ഉള്‍പ്പെടുന്ന 30-യൂണിറ്റുകള്‍ക്ക് യൂണിറ്റൊന്നിന് 60,000-രൂപയാണ് നല്‍കുന്നത്. കിടാരി വളര്‍ത്തലിന് ഒരുവയസ് പ്രയമായ പശുക്കിടാവിനെ വാങ്ങുന്നതിന് എട്ട് യൂണിറ്റുകള്‍ക്ക് യൂണിറ്റ് ഒന്നിന് 15,000-രൂപയും, ആട് വളര്‍ത്തുന്നതിന് ആറ് ആടുകളെ വീതം 10-യുണിറ്റുകള്‍ക്ക് യൂണിറ്റ് ഒന്നിന് 25,000-രൂപയും, പന്നി വളര്‍ത്തുന്നതിന് 10-പന്നിക്കുഞ്ഞുങ്ങളെ എട്ട് യൂണിറ്റുകള്‍ക്ക് യൂണിറ്റ് ഒന്നിന് 50,000-രൂപയും, കോഴി വളര്‍ത്തുന്നതിന് രണ്ട് മാസം പ്രായമായ അഞ്ച് കോഴി വീതം 140-യൂണിറ്റുകള്‍ക്ക് യൂണിറ്റ് ഒന്നിന് 500-രൂപ വീതവും, തീറ്റപ്പുല്‍ കൃഷിയ്ക്ക് 52-യൂണിറ്റുകള്‍ക്ക് യൂണിറ്റ് ഒന്നിന് 10,000-രൂപയും, പശു തൊഴുത്ത് നിര്‍മ്മാണത്തിന് (എസ്റ്റിമേറ്റ് തുകയുടെ 50-ശതമാനം ) 10-യൂണിറ്റിുകള്‍ക്ക് യൂണിറ്റ് ഒന്നിന് 25,000-രൂപയും, കാലിത്തീറ്റയ്ക്കായി രണ്ട് ചാക്ക് വീതം ആറ് മാസത്തേയ്ക്ക് 90-യൂണിറ്റുകള്‍ക്ക് യൂണിറ്റ് ഒന്നിന് 6000-രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. നിയോജക മണ്ഡലത്തിലെ മൃഗാശുപത്രികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. മഹാപ്രളയത്തില്‍ കന്നുകാലികളെ നഷ്ടപ്പെടുകയും തൊഴുത്തുകള്‍ക്ക് തകരുകയും തീറ്റപ്പുല്‍ കൃഷിയടക്കം നശിക്കുകയും ചെയ്ത കര്‍ഷകരെ സഹായിക്കുന്നതിനാണ് മൃഗസംരക്ഷണ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. അതാത് പഞ്ചായത്തുകളിലെ വെറ്റിനറി സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ അപേക്ഷകള്‍ സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, വെറ്റിനറി സര്‍ജന്‍ ഉള്‍പ്പെടുന്ന സമിതിയുടെ നേതൃത്വത്തില്‍ അപേക്ഷകള്‍ പരിശോധിച്ചാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.

Back to top button
error: Content is protected !!
Close