രായമംഗലം വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

പെരുമ്പാവൂര്‍ : രായമംഗലം വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ശിലാസ്ഥാപനം നിര്‍വഹിച്ച ചടങ്ങില്‍ രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നിലവില്‍ പുല്ലുവഴി ജംഗ്ഷനില്‍ വില്ലേജ് ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപമാണ് പുതിയ കെട്ടിടവും നിര്‍മ്മിക്കുന്നത്.
1400 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. സ്മാര്‍ട്ട് ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ സജ്ജീകരിക്കും. കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുമ്പോള്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ നാലാമത്തെ വില്ലേജ് ഓഫീസാണ് സ്മാര്‍ട്ട് ആകുന്നത്. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് അനുവദിച്ച 44 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.വില്ലേജ് ഓഫീസറുടെ മുറി, ഹാള്‍, സന്ദര്‍ശകര്‍ക്കുള്ള മുറി, റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന മുറി, ശുചിമുറികള്‍ എന്നി വിശാലമായ സൗകര്യങ്ങള്‍ അടങ്ങുന്ന കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ഓഫീസ് പരിസരം പുല്ലുകള്‍ പിടിപ്പിച്ചു മനോഹരമാക്കും.

നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന വില്ലേജ് ഓഫീസ് ഇടുങ്ങിയതും കാലപഴക്കം മൂലം മോശമായതുമായ അവസ്ഥയിലാണ്. ഈ ഓഫീസ് മന്ദിരം 1978 ല്‍ മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായര്‍ തറക്കല്ലിട്ടതും 1980 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതുമാണ്.
പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യത്തിനായി വില്ലേജ് ഓഫീസ് ഇ ഓഫീസ് ആക്കി മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചതായി എം.എല്‍.എ അറിയിച്ചു. ഇതിന് ആവശ്യമായ തുക എംഎല്‍എ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിക്കും. മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും ഇത്തരത്തില്‍ ഇ ഓഫീസ് ആക്കി നവീകരിക്കും.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ മുഖ്യാതിഥി ആയി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വര്‍ഗീസ്, ശാരദ മോഹന്‍, കുന്നത്തുനാട് തഹസില്‍ദാര്‍മാരായ ജോര്‍ജ് ജോസഫ്, ജസ്സി അഗസ്റ്റ്യന്‍, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബീന ഗോപിനാഥ്, അംബിക മുരളീധരന്‍, രായമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ്,പഞ്ചായത്ത് മെമ്പര്‍മാരായ ജോയി പൂണേലില്‍, മാത്യൂസ് തരകന്‍ , ടിന്‍സി ബാബു, മിനി നാരായണന്‍ കുട്ടി, ബിജി പ്രകാശ് രായമംഗലം വില്ലേജ് ഓഫീസര്‍ രാജേഷ് പി.എസ് എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!