പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജനുവരി 31 ന്; ജില്ലയിൽ 2,09,098 കുട്ടികൾക്ക് വാക്സിൻ നൽകും.

 

 

  1. എറണാകുളം: 2021 ലെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി. ജില്ലയിൽ അഞ്ചു വയസ്സിന് താഴെയുള്ള 2,09,098 കുട്ടികൾക്ക് പരിപാടിയുടെ ഭാഗമായി ഒരു ഡോസ് പോളിയോ തുള്ളിമരുന്ന് നൽകും.
    1988 ൽ ലോകത്താകെ 125 രാജ്യങ്ങളിൽ നിന്നായി 3,50,000 പോളിയോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നൈജീരിയ എന്നിവയാണ് 2020 ൽ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ.

1995 മുതൽ നടത്തപ്പെടുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഫലമായി 2014 മാർച്ച് 27 ന് ഭാരതം പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ലോകത്ത് ഇന്നും പോളിയോ റിപ്പോർട്ട് ചെയ്യപ്പെടുന്ന 3 രാജ്യങ്ങളിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയ ഒഴിച്ചുള്ളവ നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനുമാണ് എന്നതിനാൽ, നാം കൈവരിച്ച നേട്ടം നിലനിർത്തുന്നതിനും, പോളിയോ രോഗത്തെ ലോകത്ത് നിന്നും തന്നെ നിർമാർജ്ജനം ചെയ്യുന്നതിനും, ഏതാനും വർഷങ്ങൾ കൂടി ഈ പ്രതിരോധ യജ്ഞം തുടരേണ്ടതുണ്ട്. 2011 ലാണ് ഇന്ത്യയിൽ അവസാനമായി പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കേരളത്തിൽ 2000 ൽ ആണ് അവസാനമായി പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉയർന്ന ജനസാന്ദ്രത, നഗര ചേരിപ്രദേശങ്ങളുടെയും, നാടോടി വിഭാഗങ്ങളുടെയും സാന്നിദ്ധ്യം, തദ്ദേശീയവും, അന്തർദേശീയവുമായ കുടിയേറ്റങ്ങൾ, പ്രതിരോധ കുത്തിവെപ്പുകളോടുള്ള ചില ജനവിഭാഗങ്ങളുടെ വിമുഖത മുതലായവ കേരളത്തിന്റെ പോളിയോ അപകട സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഈ വർഷം ജില്ലയിലെ 5 വയസ്സിൽ താഴെയുള്ള 2,09,098 കുട്ടികൾക്കാണ് പൾസ്‌ പോളിയോ ദിനത്തിൽ പോളിയോ തുള്ളിമരുന്ന് നൽകുന്നത്. ഇതിനായി ജില്ലയിൽ ആകെ 2033 പൾസ് പോളിയോ ബൂത്തുകളും സജ്ജീകരിക്കുന്നതാണ്. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, സബ്സെന്ററുകൾ എന്നിവിടങ്ങളിലാണ് പൾസ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുക. കൂടാതെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബോട്ട് ജെട്ടികൾ, എയർപോർട്ട്, തുടങ്ങി ആളുകൾ വന്നു പോയികൊണ്ടിരിക്കുന്ന 39 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിക്കും. ആളുകൾക്ക് വന്നെത്തിച്ചേരുവാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും, ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും, കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി 93 മൊബൈൽ ടീമുകളും ഒരുക്കിയിട്ടുണ്ട്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ബൂത്തുകളുടെ പ്രവർത്തനം
ബൂത്തുകളിൽ സേവനം അനുഷ്ഠിക്കുന്നതിനായി ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, എൻ.സി.സി. വോളന്റീയർമാർ തുടങ്ങിയവർക്ക് പ്രത്യേക പരിശീലനം നൽകി നിയോഗിക്കുന്നതാണ്. തുള്ളിമരുന്ന് നൽകിയതിന് ശേഷം കുട്ടികളുടെ ഇടതുകൈയിലെ ചെറുവിരലിൽ മാർക്കർ പേന ഉപയോഗിച്ച് അടയാളപ്പെടുത്തുന്നതാണ്. പരിപാടിയുടെ നടത്തിപ്പിനാവശ്യമായ തുള്ളിമരുന്ന്, പ്രചരണസാമഗ്രികൾ എന്നിവ വിതരണം ചെയ്തു വരുന്നു. എന്തെങ്കിലും കാരണവശാൽ ജനുവരി 31 ന് പൾസ് പോളിയോ ദിനത്തിൽ പ്രതിരോധ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്തുകയും വോളണ്ടിയർമാർ അവരുടെ വീടുകളിൽ പോളിയോ പ്രതിരോധ തുള്ളിമരുന്ന് എത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.

കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ
• കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടായിരിക്കും പൾസ്‌ പോളിയോ ബൂത്തുകൾ സജ്ജീകരിക്കുന്നതും വാക്‌സിൻ വിതരണം ചെയ്യുന്നതും.
• കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങൾ നോൺ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചതിന് ശേഷം മാത്രമായിരിക്കും പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നടത്തുക
• ക്വാറന്റൈനിലിരിക്കുന്ന ആൾ വീട്ടിലുണ്ടെങ്കിൽ ആ വീട്ടിലെ കുട്ടിക്ക് ക്വാറന്റൈൻ കാലാവധി അവസാനിച്ച ശേഷമായിരിക്കും വാക്‌സിൻ നൽകുന്നത്
• കോവിഡ് 19 പോസിറ്റീവ് ആയ ആൾ ഉള്ള വീട്ടിലെ കുട്ടിക്ക് പരിശോധന ഫലം നെഗറ്റീവ് ആയതിന് ശേഷം 14 ദിവസം കഴിഞ്ഞായിക്കും തുള്ളി മരുന്ന് നൽകുന്നത്
• അഞ്ച് വയസിൽ താഴെയുള്ള കോവിഡ് പോസിറ്റീവ് ആയ കുട്ടിക്ക് പരിശോധനഫലം നെഗറ്റീവ് ആയി 4 ആഴ്ചക്ക് ശേഷം മാത്രമായിരിക്കും തുള്ളി മരുന്ന് നൽകുന്നത്.
• പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ കുട്ടികളുമായി ബൂത്തിലെത്തരുത്.
• 60 വയസിന് മുകളിൽ പ്രായമുള്ളവർ ബൂത്തിലെത്തുന്നത് കഴിവതും ഒഴിവാക്കുക. ബൂത്തിനത്തേക്ക് കുട്ടിയുമായി ഒരാൾക്ക് മാത്രം പ്രവേശനം.

Back to top button
error: Content is protected !!