പെരുമ്പാവൂർ ബൈപ്പാസ് : ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനമായി : എൽദോസ് കുന്നപ്പിള്ളി.

 

പെരുമ്പാവൂർ : നിർദ്ദിഷ്ട പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.

 

ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11 ( 1) വിജ്ഞാപനമാണ് പ്രാഥമിക വിജ്ഞാപനം എന്നറിയപ്പെടുന്നത്. ഇനി ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹൽസിദാർക്ക് സ്ഥല ഉടമകൾക്ക് നോട്ടീസ് നൽക്കുവാൻ സാധിക്കും. ഇതിന് ശേഷം സർവ്വേ നടത്തി ഭൂമിയുടെ വില നിശ്ചയിക്കുകയും ചെയ്തതിന് ശേഷമാണ് ബൈപ്പാസിനുള്ള
നിർദ്ദിഷ്ട സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

പെരുമ്പാവൂർ വില്ലേജിലെ  അറുപത്തിരണ്ട് വസ്തു ഉടമകളിൽ നിന്ന് 106, 112, 113, 117 ബ്ലോക്കുകളിൽപ്പെട്ട 2.69 ഹെക്ടർ സ്ഥലമാണ് ആദ്യ ഘട്ടത്തിനായി ഏറ്റെടുക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ടാണ് ബൈപ്പാസ് പദ്ധതി പൂർത്തികരിക്കുന്നത്.

പദ്ധതിയുടെ സമൂഹ്യാഘാത പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയതിനെ തുടർന്ന് പദ്ധതി പ്രദേശത്തുള്ള ജനങ്ങളുടെ യോഗം എം.എൽ.എയുടെ അധ്യക്ഷതയിൽ താലൂക്കിൽ വിളിച്ചു ചേർത്തു റിപ്പോർട്ടിന് അന്തിമ രൂപം നൽകി ജില്ല കളക്ടർക്ക് സമർപ്പിച്ചു. അതിനെ തുടർന്ന് വിദഗ്ധ സമിതി രൂപീകരിക്കുകയും, സമിതി സാമൂഹ്യഘാത പഠന റിപ്പോർട്ട് അംഗീകരിച്ചതിനെ തുടർന്ന് കളക്ടർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകുകയുമായിരുന്നു.

പെരുമ്പാവൂർ ബൈപാസിനായി 133.24 കോടി രൂപയുടെ അനുമതിയാണ്  കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് ( കിഫ്ബി ) നൽകിയിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. പെരുമ്പാവൂർ, വെങ്ങോല, മാറംപ്പിള്ളി വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഏകദേശം നാല് കിലോ മീറ്റർ ദൈർഘ്യത്തിൽ 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ട് വരി പാതയായി നിർമ്മാണം പൂർത്തികരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ആലുവ – മൂന്നാർ റോഡിൽ മരുത് കവലയിൽ നിന്ന് തുടങ്ങി എം.സി റോഡ്, പി.പി റോഡ് എന്നിവ കടന്ന്  പാലക്കാട്ട് താഴത്ത് അവസാനിക്കുന്ന വിധത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് കിറ്റ്‌കോയാണ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ഇതിനിടെ പ്രാഥമിക വിജ്ഞാപനത്തെ തുടർന്ന് സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടരുന്നതിനൊപ്പം ഉടമകളിൽ നിന്നും മുൻകൂർ സ്ഥലം ഏറ്റെടുത്തു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള അനുവാദം സംസ്ഥാന സർക്കാർ നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക്, പൊതുമരാമത്ത് വകുപ്പ് ജി സുധാകരൻ എന്നിവരോട് അഭ്യർഥിച്ചു. കഴിഞ്ഞ 11 കൊല്ലമായി ഇഴഞ്ഞു നീങ്ങുന്ന ബൈപ്പാസ് പദ്ധതി വേഗത്തിലാക്കുവാൻ സംസ്ഥാന സർക്കാരിന്റെ  പ്രത്യേക അനുമതിയോടെ ശ്രമിക്കുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു.

Back to top button
error: Content is protected !!