ന്യൂജെൻ മയക്കുമരുന്നുമായി പെരുമ്പാവൂരിൽ നിന്ന് മൂന്നു പേർ പിടിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിന്ന് ന്യൂജെൻ മയക്കുമരുന്നായ നാൽപ്പത്തിയഞ്ച് എൽ.എസ്.ഡി സ്റ്റാമ്പുകളുമായി വിദ്യാർത്ഥിയടക്കം മൂന്നു യുവാക്കൾ പിടിയിലായി. മലപ്പുറം കോട്ടക്കൽ കൂട്ടേരി വീട്ടിൽ മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ് താഴത്തേ വീട്ടിൽ ജുനൈസ് (19), കോഴിക്കോട് വെള്ളിമാട് വളപ്പിൽ അമൽദേവ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ അമൽദേവ് വിദ്യാർത്ഥിയാണ്. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. വിൽപ്പനയ്ക്കായ് കൊണ്ടുവന്നതാണ് മയക്കുമരുന്ന് സ്റ്റാമ്പുകൾ. പൊതുമാർക്കറ്റിൽ ഒരു ലക്ഷത്തിലേറെ രൂപ വില വരും. പോലിസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായ് പിന്തുടർന്നാണ് പിടികൂടിയത്. എസ്.പി. കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി കെ. മധു ബാബു, പെരുമ്പാവൂർ ഡി.വൈ.എസ്.പി കെ.ബിജുമോന്‍, എസ്.എച്ച്.ഒ. സി ജയകുമാർ എന്നിവരടങ്ങുന്ന ടീമാണ് അന്വേഷണം നടത്തുന്നത്.

(എബിൾ സി അലക്സ്)

Back to top button
error: Content is protected !!