കനത്ത ചൂടിനെ വകവയ്ക്കാതെ വോട്ടർമാർ ബൂത്തുകളിലെത്തി

കൂത്താട്ടുകുളം: കനത്ത ചൂടിനെ വകവയ്ക്കാതെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തി. രാവിലെ മുതല്‍ പല ബൂത്തുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ 7.44 ഓടെ തിരുമാറാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 139-ാംബൂത്തില്‍ അനൂപ് ജേക്കബ് എംഎല്‍എ വോട്ട് രേഖപ്പെടുത്തി. എംഎല്‍എ ക്ക് ഒപ്പം ഭാര്യ അനില അനൂപും ഉണ്ടായിരുന്നു. കേരളത്തിലെമ്പാടും യുഡിഎഫിന് അനുകൂലമായ തരംഗം തന്നെയാണെന്ന് അനൂപ് ജേക്കബ് എംഎല്‍എ പ്രതികരിച്ചു. വലിയ ഭൂരിപക്ഷത്തോടെ കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് വിജയിക്കുമെന്നും എംഎല്‍എ പറഞ്ഞു. സിനിമാ താരം ശ്രീകാന്ത് മുരളി ഇലഞ്ഞി ആലപ്പുരം 147-ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ മുതല്‍ തന്നെ മേഖലയിലെ ബൂത്തുകളില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ചില ബൂത്തുകളില്‍ മെഷീന്‍ പ്രവര്‍ത്തനത്തില്‍ ഉണ്ടായ കാലതാമസമാണ് തിരക്കിന് കാരണമായി വന്നത്. മുത്തോലപുരം സെന്റ് പോള്‍സിലെ 146-ാം ബൂത്തില്‍ മെഷീന്‍ തകരാറിലായത് മൂലം പോളിംഗ് വൈകി. ഇടയാര്‍ പബ്ലിക് ലൈബ്രറിയിലെ 161-ാം ബൂത്തില്‍ പോളിംഗ് താമസിച്ചാണ് തുടങ്ങിയത്. പാലക്കുഴ ഹൈസ്‌കൂളിലെ 147-ാം നമ്പര്‍ ബൂത്തില്‍ രാവിലെ മുതല്‍ ആരംഭിച്ച തിരക്ക് വൈകിയും തുടര്‍ന്നു. എല്ലാ ബൂത്തുകളും പോലീസിന്റെ നിരീക്ഷണത്തിലാണ് ഉണ്ടായിരുന്നത്. ബൂത്തുകള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ പ്രത്യേക പെട്രോളിംഗ് സംഘവും
സജീവമായിരുന്നു.

Back to top button
error: Content is protected !!