അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരിച്ചെത്തി;ചടങ്ങില്‍ നിന്ന് വിട്ടു നിന്ന് എംഎം ഹസൻ

തിരുവനന്തപുരം:വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കൊടുവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തി കെ.സുധാകരൻ. ഇന്ദിരാഭവനിലെ ചുതലയേൽക്കൽ ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് എംഎം ഹസൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തില്ല. ഹസ്സനെടുത്ത ചില തീരുമാനങ്ങൾ റദ്ദാക്കുമെന്ന് സുധാകരൻ സൂചിപ്പിച്ചു. കസേരയിൽ നിന്ന് അങ്ങനെയൊന്നും തന്നെ ഇറക്കാനാകില്ലെന്ന് സുധാകരൻ പറഞ്ഞു.ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഒഴിഞ്ഞ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനുള്ള വഴികള്‍ കെ സുധാകരന് എളുപ്പമായിരുന്നില്ല. തെരഞ്ഞെടുപ്പ് തീർന്നപ്പോൾ സ്വാഭാവികമായി കിട്ടേണ്ട പദവിക്കെതിരെ സംസ്ഥാനത്തു നിന്നും ശക്തമായ എതിര്‍പ്പാണ് ഉണ്ടായിരുന്നത്.

ഫലം വരട്ടെയെന്ന് ആദ്യം നിലപാടെടുത്ത ഹൈക്കമാൻഡ് കെ സുധാകരന്‍റെ സമ്മര്‍ദത്തോടെ മാറി ചിന്തിക്കുകയായിരുന്നു. കടുത്ത നിലപാടിലേക്ക് പോകേണ്ടിവരുമെന്ന് സുധാകരൻ അറിയിച്ചതോടെയാണ് ചുമതല ഏൽക്കാൻ ദില്ലിയുടെ അനുമതി കിട്ടിയത്. ഇന്ദിരാഭവനിൽ വീണ്ടുമെത്തുമ്പോൾ ആക്ടിംഗ് പ്രസിഡണ്ട് ഹസൻ അടക്കമുള്ള പ്രമുഖ നേതാക്കളില്ല. പദവി തിരിച്ചുനൽകൽ ഔദ്യോഗിക ചടങ്ങല്ലെന്നാണ് നേതാക്കളുടെ വിശദീകരണമെങ്കിലും വിട്ടുനിൽക്കലിന് കാരണം അതൃുപ്തി തന്നെയാണെന്നാണ് അണിയറ സംസാരം.

ഹസ്സൻ ഇരുന്ന കസേരയുടെ സ്ഥാനം മാറ്റിയിട്ടാണ് കെ സുധാകരൻ ചുമതലയേറ്റെടുത്തത്. ഒന്ന് മാറിനിന്നപ്പോൾ കസേര വലിക്കാൻ ശ്രമമുണ്ടായോ എന്ന ചോദ്യത്തിന് കസേരിയില്‍ നിന്ന് അങ്ങനെയൊന്നും തന്നെ ഇറക്കാനാകില്ലെന്നായിരുന്നു സുധാകരന്‍റെ മറുപടി.മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിനെ തിരിച്ചെടുത്തതടക്കം ഹസൻ പ്രസിഡന്‍റായിരിക്കെ കൈക്കൊണ്ട പല തീരുമാനങ്ങളും റദ്ദാക്കുമെന്ന് സൂചിപ്പിച്ച് സുധാകരൻ. രാവിലെ എകെ ആൻറണിയെ വീട്ടിലെത്തി കണ്ടാണ് സുധാകരൻ കെപിസിസിയിലെത്തിയത്. പ്രവർത്തനം പോരെന്ന് പറഞ്ഞ് വെട്ടാൻ കാത്തിരിക്കുന്ന നേതാക്കൾ ഒരുവശത്തിരിക്കെ മുന്നോട്ട് പോക്ക് സുധാകരന് മുന്നിലെ വെല്ലുവിളിയാണ്. തെര‍്ഞെടുപ്പ് ഫലത്തെ ആശ്രയിച്ച് വീണ്ടും പ്രശ്നങ്ങൾ രൂക്ഷമാകാൻ സാധ്യതയേറെയാണ്.

Back to top button
error: Content is protected !!