നഗരത്തില്‍ പൊടിപൊടിച്ച് ചീര വില്‍പന

മൂവാറ്റുപുഴ: നഗരത്തിലെ വിവിധയിടങ്ങളില്‍ ചീര വില്‍പന പൊടിപൊടിക്കുന്നു. വേനല്‍ കടുത്തതോടെയാണ് നഗര വീഥികളില്‍ വിറ്റാമിനുകളുടെ കലവറയായ ചുവപ്പ് ചീരയുടെയും, പച്ച ചീരയുടെയുമടക്കം വില്‍പന തകൃതിയായത്. വെള്ളൂര്‍ക്കുന്നം ഇ.ഇ.സി മാര്‍ക്കറ്റ് ജംഗ്ഷനില്‍ രാവിലെ 9ന് ആരംഭിക്കുന്ന തമിഴ്നാട് സ്വദേശി വിക്രമിന്റെ ചീര വില്‍പന രാത്രി 9വരെ നീളാറുണ്ട്. രാവിലെയും, രാത്രിയും ആവശ്യക്കാരേറെയുത്തുന്നതിനാലാണ് കച്ചവട സമയം നീളുന്നത്. വിവിധ തരം ചീരകള്‍ക്ക് നഗരത്തില്‍ പ്രിയമേറിയിരിക്കുകയാണ്. ചുമന്ന ചീര, പച്ച ചീര, പാലക്ക ചീര, അരചീര, പൊന്നാങ്കണ്ണി ചീര, ഉലുവ ചീര എന്നിവക്കുപുറമെ പുതിനയില, മല്ലിയില, ചോളം എന്നിവയും വില്‍പനക്കായി എത്തിച്ചിട്ടുണ്ട്. എല്ലാ ഇനത്തിലുമുള്ള ചീരക്കും 30 രൂപയാണ് (ഒരുപിടി) വില. ഒരുകെട്ട് ചീര വാങ്ങിയാല്‍ സാധരണക്കാരുടെ വീട്ടില്‍ രണ്ട് ദിവസത്തേക്ക് കറിക്കായി ഉപയോഗിക്കാന്‍ കഴിയുന്നു. മാത്രമല്ല ഇലക്കറികള്‍ കഴിച്ചാല്‍ വിറ്റാമിന്‍ കൂടുതല്‍ ലഭിക്കുകയും, പലവിധ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുമെന്നതാനാലും ചീരക്ക് വന്‍ ഡിമാന്റാണ്. നാല് വര്‍ഷമായി വിക്രം ഇവിടെ ചീര കച്ചവടം നടത്താറുണ്ട്. ആലുവ ഉളിയന്നൂര്‍ ഭാഗത്ത് നിന്നാണ് വില്‍പനക്കായി ചീരകളെത്തിക്കുന്നത്. ഷുഗര്‍ രോഗികള്‍ ഇലക്കറികള്‍ ധാരാളം കഴിക്കുമെന്നതിനാല്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ വിവിധ ഇനം ചീരകള്‍ വാങ്ങുവാന്‍ ധാരാളം പേര്‍ എത്തുന്നുണ്ടെന്നും, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കച്ചവടം കുറവാണെന്നും വിക്രം പറഞ്ഞു. വേനല്‍ കടുത്തതോടെ ഉണങ്ങിപ്പോവാതിരിക്കാന്‍ ചീരക്ക് തുടര്‍ച്ചയായി വെള്ളം തളിച്ച് കൊടുക്കേണ്ട അവസ്ഥയാണ്. ജോലികഴിഞ്ഞ് മടങ്ങിയെത്തുന്ന സ്ത്രീകളുടെയടക്കം വന്‍ തിരക്കാണ് ചീര വാങ്ങാന്‍ അനുഭവപ്പെടുന്നത്.നഗരത്തിലെ ലത ബസ് സ്റ്റാന്‍ഡിന് മുന്നിലും ചീര വില്പന സജീവമാണ്.

Back to top button
error: Content is protected !!