കുറുപ്പംപടി ആസ്ഥാനമായി പുതിയ വില്ലേജ്‌ അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി

കുറുപ്പംപടി : കുറുപ്പംപടി ആസ്ഥാനമാക്കി പുതിയ വില്ലേജ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് കത്ത് നൽകി. രായമംഗലം വില്ലേജ് വിഭജിച്ച്‌ കുറുപ്പംപടി വില്ലേജ് രൂപീകരിക്കണം എന്ന അവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
രായമംഗലം ഗ്രാമപഞ്ചായത്ത് ഒന്ന് മുതൽ ആറ് വരെയുള്ള വാർഡുകളും പതിനേഴ് മുതൽ ഇരുപത് വരെയുള്ള വാർഡുകളും കൂടാതെ മുടക്കുഴ ഗ്രാമപഞ്ചായത്ത് വടുപ്പാടം ഭാഗവും കൂവപ്പടി ഗ്രാമപഞ്ചായത്ത് പരിധിയിലെ വടുപ്പാടത്തിനോട് ചേർന്നു കിടക്കുന്ന ഭാഗവും കൂട്ടിച്ചേർത്താണ് രായമംഗലം വില്ലേജ് വിഭജിച്ചും പെരുമ്പാവൂർ, വേങ്ങൂർ വേസ്റ്റ്, കൂവപ്പടി എന്നീ വില്ലേജുകളിലെ ഭാഗങ്ങൾ കൂട്ടിച്ചേർത്തുമാണ് കുറുപ്പംപടി വില്ലേജ് രൂപീകരിക്കണം എന്ന് എം.എൽ.എ ആവശ്യപ്പെട്ടിരിക്കുന്നത്.
കുറുപ്പംപടിയിലും സമീപ പരിസരത്തുമുള്ള  ആളുകൾക്ക് നികുതി അടക്കുന്നതിനും മറ്റും ഇപ്പോൾ പുല്ലുവഴിയിലുള്ള രായമംഗലം വില്ലേജ് ഓഫിസിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കുറുപ്പംപടി ടൗൺ മുതൽ ഇരിങ്ങോൾ ഉൾപ്പെടെയുള്ള പ്രദേശം പെരുമ്പാവൂർ വില്ലേജിന്റെ ഭാഗമാണ്. കുറുപ്പംപടിയിൽ വില്ലേജ് അനുവദിക്കണം എന്നാവശ്യപ്പെട്ട് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബേബി കിളിയായത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂലമായ വിധിയും വന്നിരുന്നു.
വില്ലേജ് അനുവദിച്ചാൽ ഒരു വർഷത്തേക്ക് പ്രവർത്തിക്കുന്നതിനുള്ള സൗകര്യം കുറുപ്പംപടി ലെമൺ ഗ്രാസ് ആൻഡ് ഓയിൽ സൊസൈറ്റി സൗജന്യമായി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
കുറുപ്പംപടി ആസ്ഥാനമാക്കി പുതിയ വില്ലേജ് എന്ന  ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1995 കെ.കെ മാത്തുകുഞ്ഞ് അന്ന് രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലയളവിലാണ് ആദ്യമായി കുറുപ്പംപടി വില്ലേജ് എന്ന ആശയത്തിന് തുടക്കം കുറിക്കുന്നത്. അന്നത്തെ റവന്യു വകുപ്പ് മന്ത്രി ആയിരുന്ന അടൂർ പ്രകാശിന് അദ്ദേഹം നിവേദനം നൽകിയിരുന്നു.
Back to top button
error: Content is protected !!