പെരുമ്പാവൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടി എം.എൽ.എ. യുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.

 

 

കീഴില്ലം : ആർ.ടി.ഒ. ഓഫീസ് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.യുടെ നേതൃത്വത്തിൽ പെരിയാർവാലിയുടെ ഉടമസ്ഥതയിലുള്ള പെരുമ്പാവൂർ പട്ടാലിലുള്ള സ്ഥലം പെരുമ്പാവൂർ ജോയിന്റ് ആർ.ടി.ഒ. പ്രകാശ്, മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ രഞ്ജിത്, പെരിയാർവാലി പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.വി. ബൈജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജി എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു. നിലവിൽ പ്രസ്തുത സ്ഥലത്ത് പ്രവർത്തിക്കുന്ന പെരിയാർ വാലിയുടെ മെക്കാനിക്കൽ വിങ് ഓഫീസും ശോചനീയ അവസ്ഥയിലാണ്. പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിൽ പെരിയാർ വാലിയുടെ ഈ മെക്കാനിക്കൽ വിങ് പ്രവർത്തിക്കുന്നതിനു കൂടി സാധിക്കുന്ന രീതിയിൽ ആയിരിക്കും കെട്ടിടം നിർമിക്കുക. ഇത് പ്രകാരമുള്ള കെട്ടിട ഘടന തയ്യാറാക്കുന്നതിനായി പെരിയാർ വാലി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതല ഏല്പിച്ചു. പെരിയാർ വാലി സ്റ്റാഫ്‌ ക്വാർട്ടേഴ്‌സിന്റെ ശോചനീയ അവസ്ഥ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച എം.എൽ.എ. യുടെ ശ്രദ്ധയിൽപെടുത്തി. അറ്റകുറ്റ പണികൾക്കായി വിശദമായ പ്രോജക്ട് പ്ലാൻ സമർപ്പിക്കാൻ എൽദോസ് കുന്നപ്പിള്ളി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പെരുമ്പാവൂർ എം.എൽ.എ. എൽദോസ് കുന്നപ്പള്ളിയുടെ ഇടപെടലിനെ തുടർന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ട് സ്ഥലം ഏറ്റെടുപ്പ് ത്വരിത ഗതിയിൽ ആക്കുന്നതിനു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് കെട്ടിടം നിർമാണത്തിന് ആവശ്യമായ തുക നൽകുന്നത്. ഈ പുതിയ കെട്ടിടം വരുന്നതോട് കൂടി പെരുമ്പാവൂരിലെ ജനങ്ങൾക്ക് ആർ.ടി. ഓഫീസുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുവാൻ സഹായിക്കും എന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അറിയിച്ചു.

Back to top button
error: Content is protected !!