മീങ്കുന്നം മലനിരകൾക്ക് കാവലായി “പിയാത്ത”..

വാർത്ത :-അഡ്വ. രഞ്ജിത്ത് നായർ

മൂവാറ്റുപുഴ: വിശ്വവിഖ്യാത ഇറ്റാലിയൻ ശിൽപ്പിയും ചിത്രകാരനുമായിരുന്ന മൈക്കിൾ അഞ്ചെലോ തന്റെ 24-ആം വയസ്സിൽ, ഏകദേശം അഞ്ചു നൂറ്റാണ്ട് മുമ്പ് രൂപം കൊടുത്ത മനോഹര ശിൽപ്പമാണ് “പിയാത്ത”. റോം- വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിലാണ് ആ ശിൽപ്പമുള്ളത്. ശിൽപ്പത്തിന്റെ ഇതിവൃത്തം മാതാവായ കന്യാമറിയത്തിന്റെ മടിയിൽ കിടക്കുന്ന യേശുദേവന്റെ തിരുശരീരമാണ്; കാരുണ്യത്തോടെയും കരുതലോടെയും മകന്റെ മൃതശരീരം ആ അമ്മ കൈകളിൽ താങ്ങിയിരിക്കുന്നു.

 

അനുഗ്രഹീത ഗായകനും മൂവാറ്റുപുഴ ‘എയ്ഞ്ചൽ വോയ്സ്’ എന്ന ഗാനമേള ട്രൂപ്പിന്റെ സ്ഥാപകനുമായ ഫാദർ കുര്യാക്കോസ് കച്ചിറമറ്റമാണ് അത്തരത്തിൽ ഒരു പിയാത്ത ശിൽപ്പം മീങ്കുന്നത്തും വേണമെന്ന് മനസ്സിലുറപ്പിച്ച് ആശയം പ്രകടിപ്പിച്ചത് .  അങ്ങനെ, റോമിൽ നിന്നും അനേകം കാതങ്ങൾക്കിപ്പുറം അതേ കാരുണ്യ- കരുതൽ ഭാവത്തിൽ മറ്റൊരു ‘പിയാത്ത’ ശിൽപ്പം ആറൂർ-മീങ്കുന്നത്ത് സ്ഥാപിക്കപ്പെട്ടു. ഫാദർ കുര്യാക്കോസ് കച്ചിറമറ്റം മുൻകൈയെടുത്ത്, അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ശിൽപ്പി അപ്പുക്കുട്ടൻ 1988-ൽ പണിതീർത്തതാണ് ഈ മനോഹര ശിൽപ്പം. മൂവാറ്റുപുഴ-കൂത്താട്ടുകുളം എം. സി. റോഡിൽ, മൂവാറ്റുപുഴയിൽ നിന്നും 8 കിലോമീറ്റർ സഞ്ചരിച്ചാൽ മീങ്കുന്നം സെന്റ് ജോസഫ് പള്ളിയുടെ പ്രവേശന കവാടത്തിൽ ഈ പിയാത്ത ശിൽപ്പം കാണാം. ശിൽപ്പത്തിൽ നിന്നും കുറച്ചുമാറി ഒരു വശത്തുകൂടി  കണ്ണിന് കുളിർമ്മയേകി ഒരു കൊച്ചു വെള്ളച്ചാട്ടവും വർഷകാലങ്ങളിൽ ഒഴുകുന്നുണ്ട്.സായാഹ്നങ്ങളിൽ വൈദ്യുതപ്രഭയിൽ കുളിച്ചു നിൽക്കുന്ന ശിൽപ്പവും പള്ളിയും കാഴ്ചക്കാർക്ക് എന്തെന്നറിയാത്ത അനുഭൂതി പകർന്നു തരുന്നു.

വത്തിക്കാനിലെ പിയാത്ത ശിൽപ്പം പൂർണ്ണമായും വെണ്ണക്കൽ മാർബിളിൽ തീർത്തതാണ്. ആ ശിൽപ്പത്തിന്റെ തനിപകർപ്പായ (replica) മീങ്കുന്നത്തെ ശിൽപ്പം കോണ്ക്രീറ്റിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. കുപ്പിച്ചില്ലുകൾ മറ്റു പലതുമായി പൊടിച്ച് ചേർത്ത് ശിൽപ്പിക്ക് മാത്രമറിയാവുന്ന ഒരു പ്രത്യേകം മിശ്രിതമുണ്ടാക്കിയാണ് ശിൽപ്പം മിനുസപ്പെടുത്തിയിരിക്കുന്നത്.ഏഷ്യയിലെ 11-മത്തെയും ഇന്ത്യയിലെതന്നെ ഏക തനിപകർപ്പുമാണിത്. കൂടാതെ, യഥാർത്ഥ ശിൽപ്പത്തെക്കാൾ ഏകദേശം നാല് ഇരട്ടി വലിപ്പത്തിലാണ് ഈ ശിൽപ്പം നിർമ്മിച്ചിട്ടുള്ളത് (23.5 അടി ഉയരം).

 

പിയാത്ത ശിൽപ്പം മീങ്കുന്നത്ത് സ്ഥാപിച്ചിട്ട് 30 വർഷത്തിലേറെയായിരിക്കുന്നു. പണ്ട് മീങ്കുന്നത്ത്, എം.സി റോഡിലെ വളവുകളിൽ വാഹന അപകടങ്ങൾ നിത്യേനയെന്നോളം സംഭവിച്ചിരുന്നു. റോഡിന് വീതി കൂട്ടിയത് കൊണ്ടോ, ശിൽപ്പത്തിന്റെ ഭംഗി ആസ്വദിക്കുവാൻ വാഹനങ്ങൾ വേഗത കുറയ്ക്കുന്നത് കൊണ്ടോ, ഇന്നവിടെ വാഹനാപകടങ്ങൾ തുലോം കുറഞ്ഞിരിക്കുന്നു. ധാരാളം സഞ്ചാരികൾ ശിൽപ്പത്തിന്റെ മുൻപിൽ വാഹനങ്ങൾ നിർത്തി ഒരു നിമിഷം പ്രാർത്ഥിച്ചു കാണിക്കയിട്ട് പോകുന്നത് കാണാം. ആറൂർ-മീങ്കുന്നം മല നിരകളിൽ നിന്നു വരുന്ന കുളിർക്കാറ്റും, പിയാത്ത ശിൽപ്പത്തിന്റെ ചാതുര്യവും ഇവിടെയെത്തുമ്പോൾ ആരെയും വാഹനം നിർത്തി ഒരു നിമിഷം അതൊന്ന് ആസ്വദിക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

Back to top button
error: Content is protected !!