മഞ്ഞള്ളൂർ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിൽ തീരുമാനമായി.

 

മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിൽ തീരുമാനമായി. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞിട്ട് ദിവസങ്ങളായിട്ടും ആവോലി, കല്ലൂർക്കാട് പഞ്ചായത്തുകളിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്. അപ്രതീക്ഷിത വിജയ പരാജയങ്ങൾ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് പദവികളും ഒപ്പം സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും കണക്കുകൂട്ടലുകൾക്കപ്പുറം മാറിമറിയുകയാണ്. വനിതകൾക്കായി പ്രസിഡൻ്റു പദവി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന ആവോലി പഞ്ചായത്ത്‌ ഭരണം യു.ഡി.എഫിനാണ് ലഭിച്ചിട്ടുള്ളത്. യു.ഡി.എഫിൽ നാലു വനിതാ അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നാലാം വാർഡിലെ ഷെൽമി ജോൺസ്, അഞ്ചിലെ സൗമ്യ ഫ്രാൻസിസ്, പത്തിലെ ബിന്ദു ജോർജ് എന്നീ കോൺഗ്രസ് അംഗങ്ങളും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ എട്ടാം വാർഡിൽ നിന്നു ജയിച്ച ആൻസമ്മ വിൻസെൻ്റുമാണ് അവർ.
ഇതിൽ ഷെൽമി ജോൺസിനാണ് പ്രഥമ പരിഗണനയെന്നറിയുന്നു. മറ്റുള്ളവർ പുതുമുഖങ്ങളായിരിക്കുമ്പോൾ
മുൻ ഭരണസമിതിയിൽ അംഗമായിരുന്ന ആൻസമ്മ വിൻസെൻ്റിനു വേണ്ടി ജോസഫ് വിഭാഗം നേതൃത്വം അവകാശവാദം ഉന്നയിച്ചതായും കേൾക്കുന്നു. വൈസ് പ്രസിഡന്റു സ്ഥാനത്തേക്ക് മുൻ വൈസ് പ്രസിഡൻ്റു കൂടിയായ പതിമൂന്നാം വാർഡിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ് വർഗീസിനാണ് മുൻതൂക്കമുള്ളത്. മറ്റുള്ള അംഗങ്ങൾ പുതുമുഖങ്ങളാണ്. വാഴക്കുളം മുതൽ മൂവാറ്റുപുഴ നിർമ്മല കോളേജ് കവല വരെ വ്യാപിച്ചുകിടക്കുന്ന ആവോലി പഞ്ചായത്തിൻ്റെ വികസനത്തിനായി നേതൃനിരയിൽ എത്തുന്നവരെ സംബന്ധിച്ച് പ്രാദേശികതാവാദവും ഉയർന്നിട്ടുണ്ട്. പഞ്ചായത്തിൻ്റെ മധ്യഭാഗമായ കണ്ണപ്പുഴ തോടിനിരുവശത്തുമായി പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ് പദവിയിൽ അംഗങ്ങളെ കണ്ടെത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. കിഴക്കൻ മേഖലയിൽ നിന്ന് പ്രസിഡൻ്റോ വൈസ് പ്രസിഡൻ്റോ വേണമെങ്കിൽ ആൻസമ്മ വിൻസെൻ്റിനോ ബിന്ദു ജോർജിനോ മധ്യഭാഗമായ അഞ്ചാം വാർഡ് പ്രതിനിധി സൗമ്യ ഫ്രാൻസിസിനോ നറുക്കു വീഴാം. ഈ സമവാക്യമനുസരിച്ച് വൈസ് പ്രസിഡന്റ് പദവിയിലും മാറ്റം വരാം. ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ ആറാം വാർഡിൽ കന്നിയങ്കത്തിലൂടെ വിജയിച്ച ബിജു ജോസ് കിഴക്കൻ മേഖല പ്രതിനിധീകരിക്കുമ്പോൾ യു.ഡി.എഫിലെ മുസ്ലീം ലീഗ് അംഗമായ അഷറഫ് മൊയ്തീൻ, കോൺഗ്രസിലെ വി.എസ്. ഷെഫാൻ എന്നിവർ ജോർജ് വർഗീസിനൊപ്പം പടിഞ്ഞാറൻ മേഖലയും പ്രതിനിധാനം ചെയ്യുന്നു. കോൺഗ്രസ്, യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതൃത്വം ഇന്നോ നാളെയോ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കും. വനിതാ പ്രസിഡന്റ് സംവരണമായ മഞ്ഞള്ളൂരിൽ ഭരണത്തിലെത്തിയ യു.ഡി.എഫിലെ മുൻ പ്രസിഡന്റ് കൂടിയായ ആൻസി ജോസ് പ്രസിഡന്റാകും. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടോമി തന്നിട്ടാമാക്കൽ വൈസ് പ്രസിഡന്റുമാകും. ഇന്നലെ രാവിലെ കോൺഗ്രസ് നേതൃയോഗവും ഉച്ചകഴിഞ്ഞ് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി യോഗവും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.പൊതു വിഭാഗത്തിലെ പ്രസിഡന്റു സ്ഥാനമുള്ള കല്ലൂർക്കാട് പഞ്ചായത്തിൽ എൻ.ഡി.എ. അംഗങ്ങൾ നിർണ്ണായക തീരുമാനമാകും. പതിമൂന്നു വാർഡുകളിൽ 6,5 എന്ന അംഗബലത്തിലാണ് യു.ഡി.എഫ്., എൽ.ഡി.എഫ്. മുന്നണികൾ. രണ്ട് എൻ.ഡി.എ. അംഗങ്ങൾ പിന്തുണ നൽകുകയാണെങ്കിൽ ഭരണം എൽ.ഡി.എഫിനു ലഭിക്കും. ഇവർ വിട്ടു നിൽക്കുകയാണെങ്കിൽ ഭരണം യു.ഡി.എഫിനാകും. അങ്ങനെയെങ്കിൽ രണ്ടാം വാർഡ് പ്രതിനിധി കോൺഗ്രസിലെ ജോർജ് ഫ്രാൻസിസ് പ്രസിഡന്റാകും. പതിനൊന്നാം വാർഡിൽ ജയിച്ച കേരള കോൺഗ്രസ് ജോസഫ് അംഗമായ ഷൈനി ജയിംസ് വൈസ് പ്രസിഡൻ്റുമാകുമെന്നാണ് അറിയുന്നത്. എൽ.ഡി.എഫ്. മുന്നണി
പ്രസിഡന്റു തെരഞ്ഞെടുപ്പിൽ പത്താം വാർഡിലെ എ.കെ. ജിബിയെയും വൈസ് പ്രസിഡൻ്റു സ്ഥാനാർത്ഥിയായി പതിമൂന്നാം വാർഡിലെ പ്രേമലത പ്രഭാകരനേയും മത്സരിപ്പിക്കും. എൻ.ഡി.എ. അംഗങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് എൽ.ഡി.എഫ്. നേതൃത്വം അറിയിച്ചിട്ടുള്ളത്. സ്വതന്ത്രമായി പിന്തുണ നൽകിയാൽ പദവികൾ രാജി വയ്ക്കാനുമാണ് നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്.
ഇരുമുന്നണികളിൽ നിന്നും സമദൂരം പാലിച്ച് സ്വതന്ത്ര തീരുമാനങ്ങളെടുക്കാനാണ് നേതൃത്വം എൻ.ഡി.എ. അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് അറിയുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്താലും പിന്താങ്ങുന്നതിന് അംഗബലമില്ലാത്തതിനാൽ എൻ.ഡി.എ. സ്ഥാനാർത്ഥികൾ ഉണ്ടാകില്ല.

Back to top button
error: Content is protected !!