മൂവാറ്റുപുഴയിലടക്കം കള്ളവോട്ട് ചെയ്യാന്‍ സിപിഎം വ്യാപകമായ ശ്രമം നടത്തി: ഡീന്‍ കുര്യാക്കോസ്

ഇടുക്കി: ഈ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്യാന്‍ സിപിഎം ശ്രമം നടന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. സിപിഎം കോട്ടകളിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സംഭവിച്ചത്. ചക്കുവള്ളം പഞ്ചായത്തില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ് കള്ള വോട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പിടിക്കപ്പെട്ടത്. ബൂത്ത് നമ്പര്‍ 77 ല്‍ വോട്ട് ചെയ്ത ശേഷം ബൂത്ത് നമ്പര്‍ 80 ല്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ യുഡിഎഫ് ബൂത്ത് എജന്റുമാരുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് പിടിക്കപ്പെടുകയായിരുന്നു.കരിമണ്ണൂര്‍ പഞ്ചായത്തിലെ 63,66 ബൂത്തുകളിലും കള്ളവോട്ട് ചെയ്തിട്ടുണ്ട്. കല്ലൂര്‍ക്കാട് പഞ്ചായത്ത്, മൂവാറ്റുപുഴ മണ്ഡലത്തിലെ മാറാടി പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 126 എന്നിവിടങ്ങളിലും കള്ളവോട്ട് നടന്നു. തെരഞ്ഞെടുപ്പില്‍ ജനവിധി എതിരാകുമെന്ന ഭയത്തിലാണ് സിപിഎം കള്ളവോട്ടിന് ശ്രമിച്ചതെന്ന് ഡീന്‍ പറഞ്ഞു. അറിയപ്പെടുന്ന നേതാക്കള്‍ തന്നെ കള്ളവോട്ട് ചെയ്യാന്‍ രംഗത്തിറങ്ങിയത് ജനാധിപത്യത്തിന് നാണക്കേട് ആയെന്നും ഡീന്‍ ആരോപിച്ചു. സിപിഎം ആസൂത്രിതമായിട്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. സിപിഎം ജില്ല, സംസ്ഥാന നേതൃത്വത്തിന് ഇതില്‍ പങ്കുണ്ട്. കതിനാപ്പാറ പ്രദേശത്ത് കള്ളവോട്ട് ചെയ്യാന്‍ എത്തിയ വ്യക്തിയെ സിപിഎം പ്രവര്‍ത്തകരാണ് രക്ഷപ്പെടുത്തിയത്. ഈ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല. സിപിഎം നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പോലീസ് ഈ വ്യക്തിയെ രക്ഷപ്പെടുത്താന്‍ സഹായിച്ചത്. യുഡിഎഫ് അനുകൂലമായ വോട്ടുകളിലാണ് കള്ള വോട്ട് നടന്നത്. സിപിഎം തന്നെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കള്ളവോട്ട് സംബന്ധിച്ച് യുഡിഎഫ് പ്രിസൈഡിംഗ് ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

Back to top button
error: Content is protected !!