വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് നടത്തിയ മോക്‌പോളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അധിക വോട്ട്

തൊടുപുഴ : വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് നടത്തിയ മോക്‌പോളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അധിക വോട്ട് രേഖപ്പെടുത്തി. തൊടുപുഴ മുട്ടം ഗവ. എച്ച്.എസില്‍ പ്രവര്‍ത്തിച്ച 161-ാം നമ്പര്‍ ബൂത്തിലാണ് സംഗീത വിശ്വനാഥന് അധികവോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് നിബന്ധനപ്രകാരം രാവിലെ 5.30ന് പ്രിസൈഡിംഗ് ഓഫീസര്‍ ടി.എ. ബിന്‍ഷാദിന്റെ നേതൃത്വത്തില്‍ മോക്‌പോള്‍ തുടങ്ങി. മണ്ഡലത്തില്‍ ഏഴ് സ്ഥാനാര്‍ത്ഥികളായതിനാല്‍ ഏഴുതവണ ഏഴു പേര്‍ക്ക് വോട്ട് ചെയ്തു. ഒപ്പം ഒരു നോട്ടയും ചെയ്തു. ബൂത്തിലെ കണ്‍ട്രോള്‍ യൂണിറ്റില്‍ 50 വോട്ട് തന്നെ എണ്ണം കാണിച്ചു. എന്നാല്‍ വിവിപാറ്റ് സ്ലിപ്പ് എണ്ണിയപ്പോള്‍ 51 വോട്ട് രേഖപ്പെടുത്തി. അധികം വന്ന ഒരു വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്റെ കുടം ചിഹ്നത്തിനാണ് ലഭിച്ചതെന്നും സാങ്കേതിക തകരാര്‍ വന്നിരിക്കാനാണ് സാധ്യതയെന്നും പ്രിസൈഡിംഗ് ഓഫീസര്‍ പറഞ്ഞു. അസ്വാഭാവികത ശ്രദ്ധയില്‍പെട്ടയുടനെ സെക്ടറല്‍ ഓഫീസറെ വിവരമറിയിച്ചു. ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ വീണ്ടും മോക്പോള്‍ ചെയ്തു. തുടര്‍ന്ന് 50 വോട്ട് തന്നെ കണ്‍ട്രോള്‍ യൂണിറ്റിലും വിവിപാറ്റ് മെഷീനിലും രേഖപ്പെടുത്തി. മെഷീന്‍ സെറ്റ് ചെയ്യുന്നതിനിടയില്‍ ഒരു സ്ലിപ്പ് പെട്ടുപോയതാകാം കാരണമെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പറഞ്ഞു. കണ്‍ട്രോള്‍ യൂണിറ്റില്‍ കൃത്യം എണ്ണം കാണിച്ചതിനാല്‍ ഇതല്ലാതെ മറ്റൊരു സാധ്യതയില്ല. തകരാര്‍ പരിഹരിച്ച് വോട്ടിംഗ് കൃത്യസമയത്ത് തന്നെ തുടങ്ങാന്‍ സാധിച്ചെന്നും പ്രിസൈഡിങ് ഓഫീസര്‍ പറഞ്ഞു.

Back to top button
error: Content is protected !!