മൂവാറ്റുപുഴയില്‍ പോളിംഗ് പൂര്‍ത്തിയായി: പോളിംഗ് തീര്‍ത്തും സമാധാനപരം

മൂവാറ്റുപുഴ: ഇടുക്കി ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ മൂവാറ്റുപുഴ അസംബ്ലി നിയോജക മണ്ഡലത്തില്‍ പോളിംഗ് പൂര്‍ത്തിയായി. 153 ബൂത്തുകളിലായി 68.41% (128104)  വോട്ടാണ്  മൂവാറ്റുപുഴയില്‍ രേഖപ്പെടുത്തിയത്. രാവിലെ 7ന് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 ഓടെ അവസാനിച്ചു. രാവിലെ മുതല്‍ നല്ല തിരക്കാണ് ബൂത്തുകളില്‍ അനുഭവപ്പെട്ടത്. മൂന്നിടങ്ങളില്‍ മാത്രം വോട്ടിംഗ് യന്ത്രങ്ങള്‍ താത്ക്കാലികമായി പണിമുടക്കിയതൊഴിച്ചാല്‍ മറ്റ് സാങ്കേതിക തടസ്സങ്ങളൊന്നും പോളിംഗിനെ ബാധിച്ചില്ല. മുളവൂര്‍ ജിയുപിഎസ് 20, 22 ബൂത്തുകളിലും, രണ്ടാര്‍ക്കര എസ്എബിടിഎം സ്‌കൂള്‍ 115-ാം ബൂത്തിലും, പായിപ്ര ജിയുപിഎസ് രണ്ടാം ബൂത്തിലുമാണ് യന്ത്രം തകരാറിലായത്. എന്നാല്‍ ഉടന്‍ തന്നെ തകരാര്‍ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു. മൂന്ന് മുന്നണികളും ശക്തമായ പ്രവര്‍ത്തനം കാഴ്ചവെച്ച മൂവാറ്റുപുഴയില്‍ പോളിംഗ് തീര്‍ത്തും സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഘര്‍ഷസാധ്യത നിലനിന്നിരുന്ന സാഹചര്യത്തില്‍ പ്രശ്‌ന ബാധിത ബൂത്തുകളുടെ പട്ടികയിലുള്‍പ്പെടുത്തിയ മേക്കടമ്പിലെ നെയ്ത്ത്ശാല പോളിംഗ് സ്റ്റേഷനിലെ 34-ാം നമ്പര്‍ ബൂത്തിലും പോളിംഗ് സമാധാനപരമായിരുന്നു. എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നതിനാല്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന പോലീസ് സേനയ്ക്ക് പുറമേ കേന്ദ്ര സായുധ സേനയെയും ഇവിടെ വിന്യസിച്ചിരുന്നു. പോലീസും, ഭരണകൂടവും ചേര്‍ന്ന് മണ്ഡലത്തില്‍ സുഗമവും, സുരക്ഷിതവുമായ വോട്ടിംഗിനായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതിനാല്‍ ബുദ്ധിമുട്ടുകളൊന്നും കൂടാതെ തന്നെ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചു. വോട്ടെടുപ്പ് ദിനം നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിനുള്ള സാഹചര്യം മുന്നില്‍കണ്ട് പോലീസിന്റെ നേതൃത്വത്തില്‍ ആവശ്യമായ ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇടുക്കി ലോക്സഭ മണ്ഡലത്തില്‍ ആകെ 66.38% പോളിംഗ് രേഖപ്പെടുത്തിയത്.

Back to top button
error: Content is protected !!