പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതിക്ക് കഠിന തടവും, പിഴയും

മൂവാറ്റുപുഴ: അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയ കേസില്‍ കരാറുകാരന് ആറ് വര്‍ഷം കഠിന തടവും 5,10,000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി എന്‍.വി രാജു. കരാറുകാരന്‍ കോതമംഗലം കോയിച്ചകുടിയില്‍ സണ്ണി പോളിനെയാണ് ശിക്ഷിച്ചത്. ക്രമക്കേടിലൂടെ സംസ്ഥാന സര്‍ക്കാരിനെ 2,56,925 രണ്ടര ലക്ഷം രൂപയോളം വെട്ടിച്ച് അഴിമതി നടത്തിയെന്നാണ് കേസ്. അഴിമതി നിരോധന വകുപ്പ് പ്രകാരം മൂന്നുവര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും, ഐ.പി.സിയിലെ ഗൂഡാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മറ്റൊരു മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാല്‍ പ്രതി മൂന്നുവര്‍ഷം മാത്രം ജയിലില്‍ കിടന്നാല്‍ മതിയാകും. കേസിലെ മൂന്നാംപ്രതി അസ്സിസ്റ്റന്റ് എഞ്ചിനീയര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കെ. സുധാകരനെ കോടതി വെറുതെ വിട്ടു. എഞ്ചിനിയര്‍മാരായിരുന്ന രണ്ടാം പ്രതി ഫ്രാന്‍സിസ്, നാലാം പ്രതി ജോസഫ് എന്നിവര്‍ നേരത്തെ മരിച്ചു പോയിരുന്നു. കോട്ടയം കോടതിയിലാണ് ആദ്യം കേസ് ഫയല്‍ ചെയ്തിരുന്നത്. പിന്നീട് മൂവാറ്റുപുഴയിലേക്ക് മാറ്റി. 2004 – 2005 വര്‍ഷത്തിലാണ് കേസി നാസ്പദമായ അഴിമതി നടന്നത്. വര്‍ക്ക് ബുക്കില്‍ നാല് ലക്ഷത്തി എഴുപത്തി മൂവായിരം രൂപയ്ക്ക് എന്‍ജിനീയര്‍മാര്‍ ബില്ലെഴുതിയിരുന്നു. ചെയ്യാത്ത ജോലിക്ക് അധികമായി 256925 രൂപ എഴുതി കരാറുകാരനെ സഹായിച്ചു എന്നാണ് വിജിലന്‍സ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2006 ല്‍ ഇടുക്കി വിജിലന്‍സ് പോലീസ് ഇന്‍സ്‌പെക്ടര്‍ വി. വിജയനാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടര്‍ വി എ സരിത ഹാജരായി

 

Back to top button
error: Content is protected !!