തൊടുപുഴ നഗരവും പുലിപ്പേടിയില്‍; പാറക്കടവില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍

തൊടുപുഴ : പാറക്കടവ് മഞ്ഞുമാവ് പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. കഴിഞ്ഞദിവസം ഇവിടെ കുറുക്കനെ അജ്ഞാത ജീവി ആക്രമിച്ച് കൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. കുറുക്കനെ കൊന്ന ജീവി പുലിയാണെന്ന നിഗമനത്തിലാണ് നാട്ടുകാര്‍. രണ്ട് ദിവസം മുമ്പ് വടക്കുംമുറി അഴകുംപാറ ഭാഗത്ത് നായയെ ചത്ത നിലയില്‍ കണ്ടതും പുലിയുടെ ആക്രമണമെന്നാണ് സൂചന. വിവരമറിഞ്ഞ് തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തൊടുപുഴ നഗരസഭയിലെ മുപ്പതാം വാര്‍ഡായ പാറക്കടവ് മഞ്ഞുമാവിലാണ് പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മേഖലയില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് ഇതിനെ പിടികൂടാന്‍ വനംവകുദ്യോഗസ്ഥര്‍ കൂട് സ്ഥാപിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുലി കൂട്ടില്‍ കുടുങ്ങിയില്ല. കൂടു വെച്ചതിനുശേഷവും പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇല്ലിചാരി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന മഞ്ഞുമാവില്‍ തന്നെയാണ് വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറയുന്നത്. പുലിയെ കണ്ടതായി പറയുന്ന സ്ഥലത്ത് ക്യാമറ സ്ഥാപിക്കണമെന്ന് നഗരസഭാ അധികൃതര്‍ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. പുലിയെ കണ്ടതോടുകൂടി ഭീതിയിലായിരിക്കുകയാണ് നാട്ടുകാര്‍. പുലിയെ പിടികൂടുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൂട് സ്ഥാപിക്കണമെന്നും നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജും വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഹരിയും ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!