തിരുവാണിയൂർ പഞ്ചായത്തിൽ എഫ്.എൽ ടി.സി. തുടങ്ങണം – ആറിന നിർദ്ദേശങ്ങളുമായി കോൺഗ്രസ്…

( സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)

 

കോലഞ്ചേരി:തിരുവാണിയൂർ പഞ്ചായത്തിൽ എത്രയും വേഗം എഫ്.എൽ.ടി.സിതുടങ്ങാൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ നിഷ്ക്രിയത്വം അവസാനിപ്പിക്കണം. കോവിഡ് രോഗം വ്യാപകമാവുകയും മരണം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന നിലവിലുള്ള സാഹചര്യത്തിൽ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കാതെ നിഷ്ക്രിയമായിരിക്കുകയാണ്. പഞ്ചായത്ത് വാടകക്കെടുത്ത് കോവിഡ് രോഗികൾക്ക് വേണ്ടി ഓടുന്ന ആംബുലൻസ് രോഗികളിൽ നിന്നും അമിതമായ വാടകയാണ് ഈടാക്കുന്നതെന്ന് കോൺഗ്രസ്സ് ആരോപിച്ചു.ഈ ആംബുലൻസിൻ്റെ സേവനം പഞ്ചായത്ത് പരിധിക്കുള്ളിൽ സൗജന്യമാക്കണം. കൂടാതെ പഞ്ചായത്തിനുള്ളിലെ കോവിഡ് രോഗികൾക്ക് സൗജന്യ ഭക്ഷണം എത്തിക്കാൻ നടപടി സ്വീകരിക്കണം. വാക്സീൻ കേന്ദ്രങ്ങളിലെ തിരക്കും അധികാരികളുടെ ഇടപെടലുകളും അവസാനിപ്പിച്ച് എല്ലാ വാർഡുകളേയും പരിഗണിച്ചുകൊണ്ട് മുൻഗണനാക്രമമനുസരിച്ച് വാക്സിൻ നൽകാൻ നടപടികൾ സ്വീകരിക്കണം. വാർഡ്‌ ജാഗ്രതാസമിതി അംഗങ്ങൾക്ക് പി പി ഇ കിറ്റ്, ഗ്ലൗസ്, ഫെയ്സ് ഷീൽഡ്, സാനിറ്റൈസർ, ലൈസോൾ എന്നിവ സൗജന്യമായി ലഭ്യമാക്കണം. പഞ്ചായത്ത് പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന കമ്പിനികളുടെ പ്രവർത്തനം രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന ആശങ്ക ജനങ്ങൾക്കിടയിലുണ്ട്. താൽക്കാലികമായി രണ്ടാഴ്ചത്തേക്കെങ്കിലും കമ്പിനികൾ അടച്ചിടാൻ നടപടി സ്വീകരിക്കണം. നിലവിൽ വ്യാപാര സ്ഥാപനങ്ങൾ, മാമല സർവീസ് സഹകരണ ബാങ്ക്, യൂത്ത് കോൺഗ്രസ്, മറ്റ് സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ മാത്രമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സേവന രംഗത്തുള്ളതെന്നും ഈ വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതി നിഷ്ക്രിയത്വം അവസാനിപ്പിച്ച് ജനപക്ഷ നിലപാടുകളിലേക്കും ഉചിതമായ നടപടികളിലേക്കും എത്തിയില്ലെങ്കിൽ കോൺഗ്രസ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മണ്ഡലം പ്രസിഡൻ്റ് വിജു പാലാൽ അറിയിച്ചു.

 

Back to top button
error: Content is protected !!