കുടിവെള്ളമില്ലാത്തവർക്ക് ടാങ്കറിൽ കുടിവെള്ളമെത്തിച്ച് നഗരസഭാംഗം അജി മുണ്ടാട്ട്

മൂവാറ്റുപുഴ : വാര്‍ഡിലേക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം നാടെങ്ങും പാലിച്ച് നഗരസഭാംഗം അജി മുണ്ടാട്ട്. വീട്ടില്‍ കുടിവെള്ളമില്ലെങ്കില്‍ അജിയെ വിളിക്കാം. വിളിപ്പുറത്ത് തന്റെ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളമെത്തിച്ചു നല്‍കും. കുടിവെള്ളം സുലഭമായി നല്‍കുന്നതിന് അജി സ്വന്തമായി ടാങ്കര്‍ ലോറിയും വാങ്ങിയിട്ടുണ്ട്. മൂവാറ്റുപുഴ നഗരസഭ 11-ാം വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച് ജയിച്ച അജി ഇപ്പോള്‍ യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ സ്ഥിരം സമിതി അധ്യക്ഷന്‍കൂടിയാണ്. ആദ്യം നഗരസഭയില്‍ ഏത് വാര്‍ഡില്‍ നിന്നും ആരു വിളിച്ചാലും അജി കുടിവെള്ളവുമായി അവിടെയെത്തും. ആവശ്യക്കാരുടെ എണ്ണം ഉയര്‍ന്നതോടെ ഇപ്പോള്‍ പഞ്ചായത്തില്‍ വരെ അജി കുടിവെള്ളമെത്തിക്കുന്നുണ്ട്. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് അജി ജനങ്ങള്‍ക്ക് കുടിവെള്ളം വീടുകളിലെത്തിച്ച് നല്‍കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി രണ്ടാര്‍, കിഴക്കേക്കര മേഖലയില്‍ ജല അതോറിറ്റിയുടെ കുടിവെള്ളം നിലച്ചിട്ട്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് പൊട്ടിയതാണ് കുടിവെള്ളം തടസപ്പെടാന്‍ കാരണമായത്. ഇതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടിയത്. ഇവര്‍ക്കെല്ലാം ആശ്വാസമായിരുന്നു അജിയുടെ കുടിവെള്ള വണ്ടി. തന്റെ വാര്‍ഡിലെ വോട്ടര്‍മാര്‍ക്ക് കുടിവെള്ളം മുട്ടിക്കില്ലെന്ന വാഗ്ദാനം തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ പ്രാബല്യത്തിലാക്കിയിരിക്കുകയാണ് ഇപ്പോഴും അജി. എന്നാല്‍ സ്വന്തം വാര്‍ഡില്‍ മാത്രമല്ല ആവശ്യക്കാര്‍ക്കെല്ലാം കുടിവെള്ളം വിതരണം ചെയ്തുവരികയാണ്. കുടിവെള്ളത്തിനായി അജിയെ വിളിക്കുന്നവര്‍ ആരായാലും ഉടന്‍ വിതരണ വാഹനം വീട്ടുമുറ്റത്തെത്തുമെന്നത് വീട്ടമ്മമാര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ്.

Back to top button
error: Content is protected !!