ആ​ര​ക്കു​ഴയിലും പാ​ല​ക്കു​ഴയി​ലും ശു​ദ്ധ​ജ​ല​ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു

പാലക്കുഴ: ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുന്നു. 36.61 കോടി മുടക്കി നടക്കുന്ന പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ആരക്കുഴയിലും പാലക്കുഴയിലും ജലക്ഷാമം പഴങ്കഥയാകും. ഇതോടെ 3243 കുടുബങ്ങളില്‍ കൂടി കുടിവെള്ളം നല്‍കാനാകും. ആരക്കുഴ, പാലക്കുഴ സമഗ്ര കുടിവെള്ള പദ്ധതിക്കായി നബാര്‍ഡ് സഹായം ഉള്‍പ്പെടെ 13.50 കോടി ചെലവഴിച്ചാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ വര്‍ഷം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. രണ്ട് പഞ്ചായത്തുകളിലായി 4870 കുടിവെള്ള കണക്ഷനുകളുണ്ട്. പാലക്കുഴ അമ്പാട്ടുകണ്ടം പുളിക്കമാലി റോഡില്‍ ചെറുമലക്കുന്ന് ഇടുങ്ങിനാം പാറയില്‍ 22 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന്റേയും വിതരണ കുഴലുകളുടേയും വിന്യാസം പൂര്‍ത്തിയായി. തൊടുപുഴയാറ്റില്‍ ആരക്കുഴ മൂഴിയിലെ ആറ് മീറ്റര്‍ വ്യാസമുള്ള കിണറ്റില്‍ നിന്ന് പണ്ടപ്പിള്ളിക്ക് സമീപം കൊന്നാനിക്കാട്ടുള്ള ജലശുദ്ധീകരണ കേന്ദ്രത്തിലേക്ക് പമ്പ് ചെയ്യാന്‍, 50 എച്ച്പി പമ്പ് സെറ്റും 2550 മീറ്റര്‍ ലൈനും സ്ഥാപിച്ചിട്ടുണ്ട്.

ശുദ്ധീകരണ ടാങ്കിന് പ്രതിദിനം 55 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുണ്ട്. ഇവിടെ നിന്ന് ആരക്കുഴയിലെ കൊന്നാനിക്കാട് കുമ്പളത്തുമല, ആച്ചക്കോട്ടുമല, പ്രദേശങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സംഭരണികളിലേയ്ക്ക് വെള്ളം എത്തിച്ചാണ് ആരക്കുഴ പഞ്ചായത്തില്‍ വെള്ളം എത്തിക്കുന്നത്. പാലക്കുഴയിലെ വിതരണത്തിനുള്ള ജലം കൊന്നാനിക്കാട്ട് നിന്ന് 1575 മീറ്റര്‍ പൈപ്പ് ലൈന്‍ വഴി പണ്ടപ്പിള്ളിയിലെ സംഭരണിയില്‍ ശേഖരിയ്ക്കും. അവിടെ നിന്ന് ജലം പമ്പ് ചെയ്ത് പാലക്കുഴയിലെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കും. എലച്ചിക്കുന്ന്, ഇല്ലിക്കുന്ന്, പാലാനിക്കുംതടം എന്നീ സംഭരണികളിലേയ്ക്ക് 7260 മീറ്റര്‍ നീളത്തില്‍ പമ്പിംഗ് ലൈനുകളും സ്ഥാപിച്ചിട്ടുണ്ട്. പള്ളിക്കുന്നിലെ ജലസംഭരണിയും മറ്റ് നിര്‍മ്മാണങ്ങളും പദ്ധതിയുടെ രണ്ടാംഘട്ടത്തിലുണ്ട്. അടുത്ത 30 വര്‍ഷത്തെ ജനസംഖ്യാ വര്‍ധന കണക്കാക്കി രണ്ട് പഞ്ചായത്തുകളിലേയും 35884 പേര്‍ക്ക് പ്രതിദിനം 100 ലിറ്റര്‍ ശുദ്ധജലം നല്‍കാനുള്ള ശേഷിയുണ്ട്.

 

Back to top button
error: Content is protected !!