ബഫർ സോണായി പ്രഖ്യാപിക്കുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടി കത്തയച്ചു പ്രതിഷേധിച്ചു.

 

മൂവാറ്റുപുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ തട്ടേക്കാട് പക്ഷിസങ്കേതം ഉൾപ്പെടുന്ന മേഖല ബഫർ സോണായി പ്രഖ്യാപിക്കുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടി കത്തയച്ചു പ്രതിഷേധിച്ചു. കീരംപാറ സെൻ്റ് സെബാസ്റ്റ്യൻസ് ഗ്രീൻ പാരീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി കീരംപാറ യൂണിറ്റ്, പബ്ലിക്‌ ലൈബ്രറി കീരംപാറ എന്നിവയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, വനം വകുപ്പ് മന്ത്രി, കേന്ദ്ര പരിസ്ഥിതി സെക്രട്ടറി എന്നിവർക്കാണ് ബഫർ സോൺ ആയി പ്രഖ്യാപിക്കുന്നതിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്. ചേലാട് പോസ്സ്റ്റോഫീസിന് മുന്നിൽ കത്തയക്കൽ ചടങ്ങിൻ്റെ ഉദ്ഘാടനം കീരംപാറ സെൻ്റ് സെബാസ്റ്റൻസ് പള്ളി വികാരി ഫാ.ജോർജ് പുല്ലൻ നിർവ്വഹിച്ചു. ബഫർ സോൺ നിർണ്ണയത്തിലെ അപാകതകൾ പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഈ മേഖലയിലെ കർഷകരുടെയും നാട്ടുകാരുടെയും ആശങ്കയകറ്റാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കത്തയക്കൽ പ്രതിഷേധത്തിലൂടെ സർക്കാർ പരിഹാരം കണ്ടില്ലെങ്കിൽ വ്യത്യസ്ത സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി കീരംപാറ യൂണിറ്റ് പ്രസിഡൻ്റ് ജിജി ഏളൂർ മുഖ്യ പ്രഭാഷണം നടത്തി. കീരംപാറ പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് ദേവസികുട്ടി വർഗീസ് , ജോസ് എം. വർഗീസ്, ജോർഡി മനയാനി പുറത്ത്, ആഗസ്തി വാട്ടപ്പിള്ളിൽ, ജോൺസൻ കറുകപ്പിള്ളിൽ, പി. ജെ. സേവ്യർ എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!