ജില്ലയിൽ മികച്ച പോളിംഗ് ; വോട്ടെടുപ്പ് സമാധാനപരം

 

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പ് 2021 വൈകീട്ട് 8.15 വരെയുള്ള കണക്കു പ്രകാരം ജില്ലയിൽ 74.12% പോളിംഗ് . ആകെയുള്ള 2649340 വോട്ടർമാരിൽ 1963882 ആളുകൾ വോട്ട് രേഖപ്പെടുത്തി. 1295142 പുരുഷ വോട്ടർമാരിൽ 991027 ആളുകളും ( 76.51%) 1354171 വനിതാ വോട്ടർമാരിൽ 972845 വനിതകളും ( 71.84%) ജില്ലയിൽ സമ്മതിദാനം വിനിയോഗിച്ചു. ട്രാൻസ് ജൻഡർ വിഭാഗത്തിലെ 27 വോട്ടർമാരിൽ 10 പേർ വോട്ട് രേഖപ്പെടുത്തി. പോസ്റ്റൽ വോട്ടുകളുടെ കണക്കുകൾ ഉൾപ്പെടാതെയാണ് ജില്ലയിൽ 74.12% പോളിംഗ്

ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തിൽ ആണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്. 151993 ആളുകൾ (80.97 %)ഇവിടെ വോട്ടെടുപ്പിൽ പങ്കാളികളായി. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ മണ്ഡലം എറണാകുളം ആണ്. 108448 ആളുകൾ വോട്ട് രേഖപ്പെടുത്തി. 65.91 ആണ് ഇവിടെ വോട്ടിംഗ് ശതമനം.

ഏറ്റവും കൂടുതൽ സ്ത്രീകൾ ബൂത്തിലെത്തിയതും കുന്നത്തുനാട് മണ്ഡലത്തിലാണ്. 79.45 ശതമാനം സ്ത്രീകളും ഇവിടെ വോട്ടെടുപ്പിൽ പങ്കാളികളായി. 82.55 ശതമാനം പുരുഷന്മാരും മണ്ഡലത്തിൽ വോട്ട് ചെയ്യാനായി ബൂത്തിലെത്തി.

പുലർച്ചെ അഞ്ചരക്കു ആരംഭിച്ച മോക്ക് പോളിംഗിനു ശേഷം ജില്ലയിലെ 3899 ബൂത്തുകളിലും രാവിലെ ഏഴിനു തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മോക്ക് പോളിംഗിനു മുമ്പേ തന്നെ തകരാർ കണ്ടെത്തിയ വിവിധ ബൂത്തുകളിലെ 12 ബാലറ്റ് യൂണിറ്റുകളും 22 കൺട്രോൾ യൂണിറ്റുകളും 24 വിവി പാറ്റുകളും മാറ്റി നൽകി. മോക്ക് പോളിംഗിൻ്റെ സമയത്ത് തകരാറിലായ 24 ബാലറ്റ് യൂണിറ്റുകളും 29 കൺട്രോൾ യൂണിറ്റുകളും 43 വിവി പാറ്റുകളും മാറ്റി പകരം യൂണിറ്റുകൾ എത്തിച്ചാണ് വോട്ടെടുപ്പ് ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ആരംഭിച്ചതിനു ശേഷം വിവിധ ബൂത്തുകളിൽ തകരാറിലായ 11 ബാലറ്റ് യൂണിറ്റുകളും 11 കൺട്രോൾ യൂണിറ്റുകളും 46 വിവി പാറ്റുകളും മാറ്റി സ്ഥാപിച്ച് വോട്ടെടുപ്പ് പൂർത്തിയാക്കി.

ഏറ്റവും കുറവ് വോട്ടർമാരുള്ള കുന്നത്തുനാട് മണ്ഡലത്തിലെ സാൽവേഷൻ ആർമി കമ്യൂണിറ്റി ഹാൾ വരിക്കോലി പോളിംഗ് സ്റ്റേഷനിൽ 6 പേർ സമ്മതിദാനം വിയോഗിച്ചു. 13 വോട്ടർമാരാണ് ഇവിടെയുള്ളത്.
വോട്ടർപട്ടികയിൽ പേരുള്ളവരും പോളിംഗ് സ്റ്റേഷൻ പരിധിയിൽ താമസമില്ലാത്തവരുമായ എ.എസ്.ഡി വിഭാഗത്തിൽ ജില്ലയിൽ ഇതുവരെ രേഖപ്പെടുത്തിയ ആകെ വോട്ടുകൾ 5062.
എ.എസ്.ഡി വിഭാഗത്തിൽ ജില്ലയിൽ ഏറ്റവുമധികം വോട്ടുകൾ രേഖപ്പെടുത്തിയത് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലാണ്. 700 വോട്ടുകൾ . ഏറ്റവും കുറവ് കോതമംഗലം മണ്ഡലത്തിലാണ്. 56 വോട്ടുകൾ. മറ്റ് നിയോജക മണ്ഡലങ്ങളും രേഖപ്പെടുത്തിയ വോട്ടുകളും യഥാക്രമം. പെരുമ്പാവൂർ 356, അങ്കമാലി 240, ആലുവ 470, കളമശ്ശേരി 277, പറവൂർ 263, വൈപ്പിൻ 168, കൊച്ചി 297, തൃക്കാക്കര 504, കുന്നത്തുനാട് 340, എറണാകുളം 494, മൂവാറ്റുപുഴ 561, പിറവം 340.

ജില്ലയിലെ വനപ്രദേശങ്ങളിലുള്ള വിദൂര പോളിംഗ് സ്റ്റേഷനുകളിൽ ഉൾപ്പെടുന്ന കോതമംഗലം നിയോജക മണ്ഡലത്തിലെ താലുംകണ്ടം പോളിംഗ് സ്റ്റേഷനിൽ 89.21 ശതമാനം പേർ വോട്ടുചെയ്തു. കോതമംഗലം മണ്ഡലത്തിൽ ഉൾപ്പെടുന്ന തലവച്ചപാറ, കുഞ്ചിപ്പാറ പോളിംഗ് സ്റ്റേഷനുകളിൽ 36.34, 31.52 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പെങ്ങൻചുവട് ആദിവാസി കോളനിയിൽ 75.30 ശതമാനം പേരും വോട്ടുചെയ്തു.

Back to top button
error: Content is protected !!