അരീക്കൽ വെള്ളച്ചാട്ടവും കൊച്ചരീക്കൽ ഗുഹയും… മൂവാറ്റുപുഴക്കടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ

അഡ്വ. രഞ്ജിത്ത് നായർ

 

അരീക്കൽ വെള്ളച്ചാട്ടവും കൊച്ചരീക്കൽ ഗുഹയും…

മൂവാറ്റുപുഴക്കടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ

പാൽനുരകളായി പാറകെട്ടുകളിലൂടെ വീണ് ചിന്നിച്ചിതറുന്ന ഒരു അതിമനോഹരമായ പ്രകൃതിദത്ത വെള്ളച്ചാട്ടവും മുത്തശ്ശി മരങ്ങളുടെ വേരുകളിൽ ഒളിച്ചിരിക്കുന്ന ഒരു അതിപുരാതന ഗുഹയും മൂവാറ്റുപുഴയ്ക്ക് സമീപത്തായി ഉണ്ടെന്നത് അധികമാർക്കും അറിയില്ല. നഗര തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി തികഞ്ഞ ഗ്രാമാന്തരീക്ഷത്തിലുള്ള അരീക്കൽ വെള്ളച്ചാട്ടവും കൊച്ചരീക്കൽ ഗുഹയും മൂവാറ്റുപുഴ നിവാസികൾക്ക് കുടുംബസമേതം പെട്ടെന്ന് എത്തിച്ചേരാവുന്ന ദൂരത്താണുള്ളത്.

അരീക്കൽ വെള്ളച്ചാട്ടം :
മൂവാറ്റുപുഴയിൽ നിന്നും ഏകദേശം 13 കിലോമീറ്റർ ദൂരത്ത് പാമ്പാക്കുടയിലുള്ള ഒരു ദൃശ്യ മനോഹര വെള്ളച്ചാട്ടമാണിത്. മുവാറ്റുപുഴ-പിറവം റോഡിൽ, മാരേക്കാട്ട് കവല കഴിഞ്ഞു വരുന്ന പാപ്പു കവലയിൽ നിന്നും ഇടത് വശത്തേക്ക് രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. 2014 മുതൽ ഈ വെള്ളച്ചാട്ടത്തിന് സമീപം എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്സിൽ വ്യൂ പോയിന്റും ടോയ്ലറ്റും ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റോഡിൽ നിന്നും വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താൻ കല്ലുകൾ പാകി കൈവരികൾ കെട്ടിയ നൂറോളം പടവുകളുണ്ട്. കൂടാതെ സമീപത്തുള്ള കനാൽ ബണ്ടിന്റെ നടപ്പാതയിലൂടെ നടന്നാലും അവിടെയെത്താം.

പാമ്പാക്കുടയിലെ ഉയർന്ന പ്രദേശങ്ങളായ നവോളിമറ്റം – പിറമാടം മലകളിൽ നിന്നും ഉത്ഭവിച്ച് കൊച്ചരുവിയായി ഒഴുകിവന്ന്‌ പാറക്കെട്ടുകളിലൂടെ ഉദ്ദേശം 70 അടി താഴ്ച്ചയിലേക്ക് ഈ വെള്ളച്ചാട്ടം പതിക്കുന്നു. മൂന്ന് തട്ടുകളായിട്ടാണ് വെള്ളച്ചാട്ടം പതിക്കുന്നത്. വെള്ളച്ചാട്ടത്തിൽ നിന്നും ഒഴുകിവരുന്ന വെള്ളം വിശാലമായ ഒരു തടയണകെട്ടി തടഞ്ഞു നിർത്തിയിരിക്കുന്നു. വേനൽക്കാലത്ത് വെള്ളം കുറവുണ്ടാകുമെങ്കിലും, ഏകദേശം 10 മാസത്തോളം നല്ല ശക്തിയിൽ പതിക്കുന്ന വെള്ളച്ചാട്ടം വ്യൂ പോയിന്റിൽ നിന്ന് കാണുകയെന്നത്‌ അനിർവചനീയമാണ്. കൂടാതെ വെള്ളച്ചാട്ടത്തിലും തടയണയിലും ഒരേ സമയം അനേകം പേർക്ക് കുളിക്കാനാവും. കാട്ടുചോലകൾക്കിടയിൽ നിന്നും വരുന്ന കുളിർക്കാറ്റേറ്റ് ഈ വെള്ളച്ചാട്ടത്തിൽ കുളിച്ചു വന്നാൽ എന്തെന്നില്ലാത്ത ഒരു ഉന്മേഷം കൈവരും. വഴുക്കലുള്ള പറക്കെട്ടുകളിലൂടെ ശ്രദ്ധിച്ചു വേണം നടക്കാൻ എന്ന് മാത്രം.

കൊച്ചരീക്കൽ ഗുഹ:

പാമ്പാക്കുടയിൽ നിന്നും പിറമാടത്തെത്തി, രണ്ടര കിലോമീറ്റർ മണ്ണത്തൂർ റോഡിൽ സഞ്ചരിച്ചാൽ ഈ ഗുഹ സന്ദർശിക്കാനാകും. വൃക്ഷ നിബിഡമായ ഒരു പ്രദേശമാണിത്. ഏതോ കാല്പനിക ലോകത്തെന്നപോലെ നിൽക്കുന്ന അനേകം വൃക്ഷ മുത്തശ്ശികൾ. ഒരു വൃക്ഷ മുത്തശ്ശി തന്റെ വേരുകൾക്കിടയിൽ പേരക്കുട്ടിയെ എന്നവണ്ണം ഈ ഗുഹയെ ഒളിപ്പിച്ചു വച്ചിരിക്കുന്നു. ഗുഹയ്ക്ക് സമീപത്തുകൂടി ഒരു കൊച്ചരുവി ഒഴുകുന്നുണ്ട്.  സ്വാഭാവിക ഉറവയിൽ നിന്നുമുള്ള തെളിനീരു പോലുള്ള വെള്ളം ആ അരുവിയിൽകൂടി ഒഴുകി താഴെ ഒരു തടാകത്തിൽ ശേഖരിക്കപ്പെടുന്നു.

വൃക്ഷ മുത്തശ്ശിയുടെ വേരുകളിൽ ചവിട്ടി മുകളിലേക്ക് കയറിയാൽ ഗുഹയുടെ പ്രവേശന കവാടത്തിലെത്താം. ഗുഹയുടെ അകത്ത് പല ഭാഗങ്ങളിലും നിവർന്നു നിൽക്കാവുന്നത്ര ഉയരമുണ്ട്. ഒരേ സമയം പത്ത്-പതിനഞ്ച് പേരെ ഉൾക്കൊള്ളാവുന്ന വിസ്തീർണ്ണവും ഗുഹയ്ക്കുണ്ട്. തികച്ചും പ്രകൃതിദത്തമായ തണുപ്പുമേറ്റ് ഈ ഗുഹയ്ക്കകത്ത് ഏതാനും നിമിഷമിരിക്കാം. എന്നിട്ട്, പുറത്തിറങ്ങി നിന്ന് ആ പരിസ്സര ഭംഗി ഒന്നു കൂടി ആസ്വദിക്കുക. അപ്പോൾ തോന്നാം – ഏതോ ഒരു ചിത്രകാരൻ തന്റെ സർഗ്ഗസൃഷ്ട്ടി  ഉപയോഗിച്ച് വരച്ച ശേഷം ഉപേക്ഷിച്ചുപോയ അതിമനോഹരമായ ഒരു വലിയ ഛായാചിത്രമാണ് അവിടമെന്ന്.

Back to top button
error: Content is protected !!