ആരക്കുഴ റോഡിൽ അപകടകരമായ രീതിയില്‍ ജനജീവിതത്തിനു ഭീഷണി ഉയര്‍ത്തി റോഡ് വികസനത്തിനു വിലങ്ങുതടിയായി നില്‍ക്കുന്ന തണല്‍ മരം മുറിച്ചു നീക്കാത്തത്തില്‍ പ്രതിഷേധം

 

മൂവാറ്റുപുഴ : അപകടകരമായ രീതിയില്‍ ജനജീവിതത്തിനു ഭീഷണി ഉയര്‍ത്തി റോഡ് വികസനത്തിനു വിലങ്ങുതടിയായി നില്‍ക്കുന്ന തണല്‍ മരം മുറിച്ചു നീക്കാത്തത്തില്‍ പ്രതിഷേധം ശക്തമായി. ആരക്കുഴ പണ്ടപ്പിള്ളി റോഡിലെ തോട്ടുങ്കല്‍ പീടികയില്‍ നില്‍ക്കുന്ന മരമാണ് പ്രദേശവാസികളില്‍ കടപുഴകി വീഴല്‍ ഭീഷണി പരത്തുന്നത്. റോഡ് നിര്‍മ്മാണം തകൃതിയായി പുരോഗമിക്കവേ റോഡിന്‍റെ ഇരുവശങ്ങളും ബലപ്പെടുത്തുന്നതിനായി രണ്ടടി ആഴത്തില്‍ കുഴിയെടുത്ത് മീറ്റലുകള്‍ നിറക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ മണ്ണിന് മുകളില്‍ വേരുകള്‍ നില്‍ക്കുന്നതിന്നാലും, കടപ്പുഴകല്‍ സാധ്യത നിലനില്‍ക്കുന്നതിനാലും ഇവിടെ റോഡിന്‍റെ കുഴിയെടുക്കല്‍ പക്രിയയില്‍ നിന്നും ഒഴിവാക്കി. മാറാടി പഞ്ചായത്ത് ഏഴാം .വാര്‍ഡിലാണ് മരം നില്‍ക്കുന്നതെങ്കിലും കടപുഴകി വീണാല്‍ റോഡിന്‍റെ മറുവശമായ മൂവാറ്റുപുഴ നഗരസഭയിലെ പതിനേഴാം വാര്‍ഡിനാകും ഭീഷണി. ഇതുകൂടാതെ ആയിരക്കണക്കിന് വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന റോഡാണിത്. മാസങ്ങള്‍ മുമ്പ് തന്നെ പ്രദേശവാസികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമായിട്ടില്ല. മഴക്കൊപ്പമെത്തുന്ന കാറ്റൊന്ന് ആഞ്ഞു വീശിയാല്‍ കടപ്പുഴകി വീഴുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. എത്രയും വേഗം ജനങ്ങള്‍ക്ക് ഭീഷണിയായ മരം മുറിച്ചു മാറ്റി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ജനജീവിതത്തിനു സുരക്ഷാ ഒരുക്കുകയും ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഫോട്ടോ ……………….
മൂവാറ്റുപുഴ – ആരക്കുഴ റോഡില്‍ തോട്ടുങ്കല്‍പീടികയില്‍ അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരം.

Back to top button
error: Content is protected !!