പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും വെള്ളം ലഭ്യമല്ല: വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ ഉപരോധിച്ചു

മൂവാറ്റുപുഴ: വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ ഉപരോധിച്ച് പായിപ്ര പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാരും പൊതുജനങ്ങളും. പഞ്ചായത്തിലെ 21,22 വാര്‍ഡുകളില്‍ ജല ജീവന്‍ പദ്ധതി പ്രകാരം പൈപ്പ് ലൈന്‍ സ്ഥാപിച്ച എന്‍എസ്എസ് ഹൈസ്‌കൂള്‍ റോഡ്, എല്ലുപൊടി കമ്പനി വിളക്ക് മറ്റം റോഡ്, കാവുംപടി കുരുട്ടായി റോഡ്, പായിപ്ര കിണറുംപടി ഹെല്‍ത്ത് സെന്റര്‍ റോഡ് എന്നിവിടങ്ങളില്‍ ജല ജീവന്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും വെള്ളം ലഭിക്കാത്തതിലും, എന്‍എസ്എസ് ഹൈസ്‌കൂള്‍ റോഡിന് സമീപത്ത് ജല ജീവന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജെസിബി ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ പൈപ്പ് ലൈന്‍ തകര്‍ന്നത് നന്നാക്കാത്തതിലും പ്രതിഷേധിച്ചാണ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ ഉപരോധിച്ചത്. പായിപ്ര പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സി വിനയന്‍, 21-ാം വാര്‍ഡ് മെമ്പര്‍ സുകന്യ അനീഷ് എന്നിവരും പൊതുജനങ്ങളും ചേര്‍ന്നാണ് ഉപരോധം സംഘടിപ്പിച്ചത്. ജലജീവന്‍ പദ്ധതിയില്‍ കരാറുകാര്‍ ചെയ്യുന്ന അപാകതകള്‍ക്ക് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുവാണെന്നും, അതിന് ഉദാഹരണമാണ് ജല ജീവന്‍ പദ്ധതിയില്‍ പലതരത്തിലുമുള്ള ക്രമക്കേടുകള്‍ ചൂണ്ടി കാണിച്ചിട്ടും ഉദ്യോഗസ്ഥര്‍ ഇടപെടലുകള്‍ നടത്താതിരിക്കുന്നതെന്നും എം.സി വിനയന്‍ പറഞ്ഞു. അപാകതകള്‍ ഉടന്‍ പരിഹരിക്കാമെന്നും ഇനിയും കണക്ഷന്‍ ലഭിക്കാത്ത വീടുകളില്‍ എത്രയും പെട്ടെന്ന് കണക്ഷന്‍ നല്‍കാമെന്നും, ഉയര്‍ന്ന പ്രദേങ്ങളില്‍ വെള്ളം എത്തിക്കാന്‍ നടപടി ഉടന്‍ ഉണ്ടാകുമെന്നും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയ ശേഷമാണ് മെമ്പര്‍മാരും പൊതുജനങ്ങളും ഉപരോധം അവസാനിപ്പിച്ചത്. നടപടികള്‍ ഉടന്‍ ഉണ്ടായില്ലെങ്കില്‍ വാട്ടര്‍ അതോറിറ്റിക്ക് മുന്നില്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട് പോകുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

 

Back to top button
error: Content is protected !!