ടാറിംഗ് പൂര്‍ത്തീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നതില്‍ പായിപ്രയിൽ നാട്ടുകാര്‍ പ്രതിഷേധിച്ചു.

 

മൂവാറ്റുപുഴ : ടാറിംഗ് പൂര്‍ത്തീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. പായിപ്ര പഞ്ചായത്ത് 17-ാം വാര്‍ഡിലെ ചാക്കുന്നം ഖബറിങ്കല്‍ മസ്ജിദ് റോഡാണ് തകര്‍ന്നത്. ടാറിംഗ് കഴിഞ്ഞ് നാലു ദിവസത്തിനുള്ളില്‍ റോഡിലെ വിവിധയിടങ്ങളില്‍ മെറ്റലുകള്‍ ഇളകിയതോടെ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വര്‍ക്കി, പഞ്ചായത്തംഗം മുഹമ്മദ് ഷാഫി എന്നിവരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. മെറ്റലുകള്‍ ഇളകിയതുള്‍പ്പെടെയുള്ള അപാകതകള്‍ ബോധ്യപ്പെടുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ടാറിംഗ് ഇളകാന്‍ സാധ്യതയുണ്ടെന്നും സംഘം വിലയിരുത്തി. റോഡിന്‍റെ അരകിലോമീറ്റര്‍ ദൂരമുള്ള ഭാഗത്താണ് അപാകതകള്‍ കാണുന്നത്. അടുത്തിടെ ജില്ലാ പഞ്ചായത്തിന്‍റെ തുക ഉപയോഗിച്ചാണ് ഇവിടം ടാര്‍ ചെയ്തത്. അഞ്ച് ലക്ഷത്തോളം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ദിവസങ്ങള്‍ക്കകം ടാറിംഗ് പൊളിഞ്ഞതാണ് നാട്ടുകാരെ പ്രതിഷേധത്തിന് ഇടയാക്കിയത്. മഴമാറിയാല്‍ ഉടന്‍ തന്നെ ടാറിംഗ് അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കരാറുകാരന് കത്ത് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അല്ലാത്തപക്ഷം നിര്‍മ്മാണ തുക അനുവദിക്കാനാവില്ലെന്നും അസിസ്റ്റന്‍റ് എന്‍ജിനീയര്‍ അറിയിച്ചു.

ഫോട്ടോ ……………
ടാറിംഗ് പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്ന പായിപ്ര പഞ്ചായത്ത് ചാക്കുന്നം ഖബറിങ്കല്‍ മസ്ജിദ് റോഡ് പഞ്ചായത്ത് പ്രസിഡന്‍റും ഉദ്യോഗസ്ഥരും ചേര്‍ന്ന് സന്ദര്‍ശിച്ചപ്പോള്‍.

Back to top button
error: Content is protected !!