​ഗുജറാത്തിലെ വികസന വാദങ്ങൾ ശരിയെങ്കിൽ മോദിക്ക് സ്വന്തം സംസ്ഥാനത്ത് മത്സരിച്ചൂടേ? പ്രിയങ്ക ​ഗാന്ധി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം നോക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് സ്വന്തം സംസ്ഥാനത്ത് മത്സരിക്കുന്നില്ലെന്ന ചോദ്യവുമായി പ്രിയങ്ക ഗാന്ധി. ഗുജറാത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നുവെന്ന് എണ്ണിപ്പറയുന്ന മോദിയുടെ അവകാശങ്ങള്‍ ശരിയാണെങ്കില്‍ ഗുജറാത്തില്‍ തന്നെ അദ്ദേഹത്തിന് മത്സരിച്ചുകൂടെ? രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതിനെ കുറിച്ച് മാത്രമാണ് പ്രധാനമന്ത്രിയുടെ താത്പര്യമെന്നും പ്രിയങ്ക പറഞ്ഞു. മോദി തന്റെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ രാഹുലിനെ ഷെഹ്‌സാദ എന്ന് വിശേഷിപ്പിച്ചതിനെതിരെയും പ്രിയങ്ക രംഗത്തെത്തി. നിങ്ങള്‍ ഷെഹ്‌സാദ എന്നുവിളിക്കുന്നയാള്‍ നാലായിരം കിലോമീറ്റര്‍ ദൂരം നടന്നാണ് രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടത്. സാധാരണക്കാരോട് സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. മോദി എപ്പോഴെങ്കിലും കര്‍ഷകരോടോ തൊഴിലാളികളോടോ അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ടോ-പ്രിയങ്ക ചോദിച്ചു.

പ്രധാനമന്ത്രിയെ ഷഹന്‍ഷാ എന്ന് വിളിച്ച പ്രിയങ്ക ഗാന്ധി, മോദി താമസിക്കുന്നത് കൊട്ടാരത്തിലാണെന്നും അങ്ങനെയൊരാള്‍ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കില്ലെന്നും വിമര്‍ശിച്ചു. കോണ്‍ഗ്രസിനെതിരെ വലിയ നുണകളാണ് മോദി പടച്ചുവിടുന്നത്. 55 വര്‍ഷം കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നു. എന്നെങ്കിലും ആരുടെയെങ്കിലും സ്വത്തുക്കള്‍ കോണ്‍ഗ്രസ് മോഷ്ടിച്ചിട്ടുണ്ടോ? എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് ജനങ്ങളുടെ പണവും സ്വര്‍ണവും കോണ്‍ഗ്രസ് കൊള്ളയടിക്കുമെന്ന മോദിയുടെ ആരോപണത്തില്‍ പ്രിയങ്ക ഗാന്ധി മറുപടി പറഞ്ഞു.ഭരണഘടന മാറ്റുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അതുവഴി പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുമെന്നും പ്രിയങ്ക ആരോപിച്ചു.

Back to top button
error: Content is protected !!