നേര്യമംഗലത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു.

കോതമംഗലം : നേര്യമംഗലത്ത് രണ്ട് വാര്‍ഡുകളിലായി മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. പതിനൊന്നാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച മുപ്പത്തെട്ടുകാരന്‍റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന അടുത്ത രണ്ട് ബന്ധുക്കള്‍ക്കാണ് എട്ടാം വാര്‍ഡില്‍ രോഗമുണ്ടായത്. സമ്പര്‍ക്കവ്യാപനം തടയാന്‍ ആദ്യദിവസം തന്നെ പതിനൊന്നാം വാര്‍ഡ് കണ്ടെയിന്‍മെന്‍റ് സോണാക്കി നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. കീഴ്മാട് കല്ല്യാണ നിശ്ചയത്തില്‍ പങ്കെടുത്തതും അവരുടെ സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ചതുമായ രണ്ടുപേരുള്ള എട്ടാം വാര്‍ഡ് കണ്ടെയിമെന്‍റ് സോണാകുന്ന സാഹചര്യമുണ്ടായാല്‍ നേര്യമംഗലം ടൗണ്‍ അടച്ചിടേണ്ടിവരും. നിലവില്‍ ദേശീയപാതയിലൂടെയുള്ള വാഹനഗതാഗതം തടസ്സപ്പെടാത്തവിധത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഇതിനായി റോഡുകള്‍ അടച്ചു. ഒരു റോഡുവഴിയാണ് പ്രധാനമായും ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പോലിസും സന്നദ്ധപ്രവര്‍ത്തകരും രംഗത്ത് സജീവമാണ്. മൂന്ന് രോഗികളുടേയും പ്രാഥമീക സമ്പര്‍ക്കപ്പട്ടികയിലുള്ളത് 27 പേരാണ്. ഏഴ് പേരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ രോഗലക്ഷണങ്ങളുണ്ടായവരുമുണ്ട്. ആദ്യം രോഗമുണ്ടായ യുവാവിന്‍റെ അടുത്ത ബന്ധുക്കള്‍തന്നെയാണ് പരിശോധനക്ക് വിധേയരാകുന്നവരെല്ലാം. നേര്യമംഗലത്തുള്ള അഞ്ച് പേരുടെയും പല്ലാരിമംഗലത്തുള്ള രണ്ട് പേരുടെയും സ്രവങ്ങളാണ് കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചിട്ടുള്ളത്. രോഗവ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവരുടെ പരിശോധനാഫലങ്ങള്‍ നിര്‍ണ്ണായകമാണ്. പോസിറ്റീവ് ഫലങ്ങളുണ്ടായാല്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമായി വരും. ഇന്ന് ഫലം ലഭിക്കുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. തുടര്‍ നടപടികള്‍ കൂടുതല്‍ കടുപ്പിക്കേണ്ടതുണ്ടോയെന്നും ഇന്ന് തീരുമാനിക്കുമെന്നാണ് അറിയുന്നത്.

Back to top button
error: Content is protected !!