നെല്‍കൃഷിയില്‍ നൂറുമേനി കൊയ്ത് യുവകര്‍ഷകര്‍

മൂവാറ്റുപുഴ: സുഹൃത്തുകള്‍ചേര്‍ന്ന് നടത്തിയ നെല്‍ കൃഷിയില്‍ നിന്ന് വിളഞ്ഞത് നൂറുമേനി. ആയവന കാവക്കാട് സ്വദേശി ഫ്രാങ്ക്ളിനും, വാഴക്കുളം മുല്ലപ്പുഴച്ചാല്‍ സ്വദേശി ജെറിന്‍ ജോര്‍ജും ചേര്‍ന്ന് പത്തേക്കര്‍ പാടത്ത് വിതച്ചതെല്ലാം കതിരണിഞ്ഞത് നൂറുമേനിയാണ്. വര്‍ഷങ്ങളായി പൈനാപ്പിള്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ ചെയ്തുവരുന്ന ഇരുവരും പുതിയ ഒരു ചുവടുവയ്പ്പ് എന്ന നിലയിലാണ് നെല്‍കൃഷിയിലേക്കെത്തിയത്. തരിശായിക്കിടന്ന ഒരേക്കര്‍ പാടത്തായിരുന്നു ആദ്യമായി കൃഷി് ഇറക്കിയത്. ഇത് വിജയം കണ്ടതോടെ സമീപത്തെ പാടം ഉടമകളും ഇവര്‍ക്ക് കൃഷിയിറക്കുന്നതിനായി സ്ഥലം വിട്ട് നല്‍കുകയായിരുന്നു. ഇതോടെ ഒരേക്കറില്‍ തുടങ്ങിയ കൃഷി പത്ത് ഏക്കറിലേക്ക് വ്യാപിച്ചു. ഇതില്‍ നിന്നുമാണ് ഈ സുഹൃത്തുക്കള്‍ വിജയം കൊയ്തത്.

വിദേശരാജ്യങ്ങളിലേക്ക് അടക്കം മികച്ച ജോലി തേടി പോകുന്ന യുവതലമുറയ്ക്ക് പ്രചോദനം ലഭിക്കുക എന്ന ലക്ഷ്യമാണ് കൃഷിയിലൂടെ മുന്നോട്ടുവയ്ക്കുന്നത് എന്ന് ഐ.ടി പ്രൊഫഷണല്‍ കൂടിയായ ജെറിന്‍ ജോര്‍ജ് പറഞ്ഞു. പാട്ടത്തിനെടുത്ത പത്തേക്കര്‍ സ്ഥലത്ത് കൃഷിയിറക്കുന്നതിലും, തുടര്‍ന്നുള്ള കൃഷിയുടെ എല്ലാ ജോലികള്‍ ചെയ്യുന്നതിലും സുഹൃത്തുക്കളും, മാതാപിതാക്കളും ഇരുവര്‍ക്കൊപ്പമുണ്ട്. പൊന്‍മണി ഇനത്തില്‍പ്പെട്ട നെല്‍വിത്തുകള്‍ ആണ് ഇവര്‍ കൃഷിക്കായി ഉപയോഗിച്ചത്. എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹകരണമാണ് ഇത്തരത്തിലുള്ള മികച്ച വിജയം കണ്ടെത്തുന്നതിന് സഹായകരമായതെന്ന് ഫ്രാങ്ക്ളിന്‍ പറഞ്ഞു. നെല്‍കൃഷി വിളവെടുക്കുന്നതോടെ പുതിയ സ്ഥലങ്ങളും ഏറ്റെടുത്ത്, പുതിയ കൃഷി രീതികളും, കൃഷികളും പഠിക്കുന്നതിനും കൃഷിയിറക്കുന്നതിനുമുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ജോലി തേടി മറുരാജ്യങ്ങളിലേക്ക് പേകുന്ന പുതുതലമുറയ്ക്ക് ഫ്രാങ്ക്ളിനും ജെറിനും എന്നും മാതൃകയാണ്.

 

Back to top button
error: Content is protected !!