വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ മികച്ച നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിനും, പ്രോഗ്രാം ഓഫീസർക്കുമുള്ള ഈ വർഷത്തെ അവാർഡ് ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്‌കൂളിന്.

 

മൂവാറ്റുപുഴ: വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ മികച്ച നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിനും, പ്രോഗ്രാം ഓഫീസർക്കുമുള്ള ഈ വർഷത്തെ അവാർഡ്  ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്‌കൂളിന് ലഭിച്ചു. മികച്ച പ്രോഗ്രാം ഓഫീസറായി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകനായ സമീർ സിദ്ദീഖിയ്ക്ക് ലഭിച്ചു. ഒക്ടോബർ രണ്ടാം തീയതി തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അവാർഡ് നൽകും. കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ അംഗീകാരം ലഭിച്ചത്. കഴിഞ്ഞ വർഷത്തെ മികച്ച വോളൻ്റിയർക്കുള്ള അവാർഡും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായിരുന്ന മീഖൾ സൂസൺ ബേബിയ്ക്ക് ലഭിച്ചിരുന്നു. സ്വജീവിതത്തിലെ നല്ല നിമിഷങ്ങൾ മുഴുവനും സ്വന്തം വിദ്യാർത്ഥികൾക്കും അശരണരായ സഹജീവികൾക്കും നൽകി അധ്യാപക സമൂഹത്തിന് തന്നെ മാതൃകയാണ് സമീർ മാഷ്. സഹവാസിക്കൊരു വീട് പദ്ധതി പ്രകാരം ഭവന രഹിതരായവർക്ക് വീട് നിർമ്മിച്ച് കൊടുക്കുന്നതിനുള്ള സഹായം, ടോയ്ലറ്റ്, റോഡ് വെട്ടുക, കിണർ വൃത്തിയാക്കുക, അങ്കണവാടി നവീകരണം, സ്നേഹ സഞ്ജീവനി പദ്ധതി പ്രകാരം നിർധനരായ കുടുംബങ്ങൾക്കും രോഗികൾക്കും മരുന്ന്, വീൽചെയർ, ഭക്ഷണം, വസ്ത്രങ്ങൾ, ഡയാലിസിസിനുള്ള സഹായം എത്തിക്കുക തുടങ്ങി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ക്യാൻസർ രോഗികൾക്കും സാന്ത്വന സ്പർശവും കൈത്താങ്ങാവാനും വേണ്ടി ഫണ്ട് സ്വരൂപിക്കുവാനായി ഉണക്ക ചാണകവും, ഗോമൂത്രവും വിറ്റും, ഭക്ഷ്യമേള നടത്തിയും, പഴയ ന്യൂസ് പേപ്പർ വിറ്റും തുക കണ്ടെത്തി. പഴയതും ഉപയോഗപ്രദവുമായ മൂവായിരത്തിലേറെ വസ്ത്രങ്ങൾ ശേഖരിച്ച് പാവങ്ങൾക്ക് നൽകി. ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് നിർമ്മിക്കുന്നതിനായി വിദ്യാർത്ഥിനികളെയും അധ്യാപികമാരെക്കൊണ്ടും, സുമനസുകളെ കൊണ്ടും ഇരുന്നൂറിലധികം പേരുടെ തലമുടി മുറിച്ച് നൽകുന്നതിന് വേണ്ട പ്രചോദനം നൽകി. സ്ത്രീകളുടെ ഉന്നമനത്തിനായും സ്വയം തൊഴിൽ പഠിപ്പിക്കുന്നതിനുമായി കുടുംബശ്രീ പ്രവർത്തകർക്ക് എൽ.ഇ.ഡി. ബൾബ് നിർമ്മാണത്തിലും സർവ്വീസിംഗിലും, ടോയിലറ്റ് ക്ലീനിംഗ് ലോഷൻ, ഹാൻഡ് വാഷ്, സോപ്പ്, പേപ്പർ ക്യാരി ബാഗ്, തുണി സഞ്ചി തുടങ്ങിയവ നിർമ്മിക്കുന്നതിനും, പരിശീലനം നൽകി. മുൻ രാഷ്ടപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ  ഓർമ്മയ്ക്കായി “ആയിരം അഗ്നിച്ചിറകുകൾ” എന്ന പേരിൽ വിദ്യാർത്ഥികളുടെയും, സ്വന്തം വീട്ടിലും  പൊതുജനങ്ങൾക്കായി ആയിരത്തിൽപരം പുസ്തകങ്ങളുള്ള ഹോംലൈബ്രറി സ്ഥാപിച്ചു. അകാലത്തിൽ മരണപ്പെട്ട എൻ.എസ്.എസ്. കേരള ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ സജിത് ബാബുവിൻ്റെ ഓർമ്മയ്ക്കായി വിവിധ ലൈബ്രറികളിൽ ആയിരത്തിലധികം പുസ്തകങ്ങൾ നൽകി.  വിദ്യാർത്ഥിക്കൂട്ടത്തിന്റെ സഹായത്താൽ മാറാടി പഞ്ചായത്തിലെ നാലാം വാർഡിനെ പ്ലാസ്റ്റിക് സൗഹൃദ വാർഡാക്കി മാറ്റുവാനായി വാർഡിലെ മെമ്പർ ആയിരുന്ന ബാബു തട്ടാർക്കുന്നേലിന്റെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി സ്പെഷ്യൽ ഹുക്കും തുണി സഞ്ചിയും നൽകി. നിശ്ചിത ദിവസങ്ങൾക്ക് ശേഷം മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് റീസൈക്കിൾ ചെയ്യാനായി നൽകി. മൂവാറ്റുപുഴ എം.എൽ.എ. ആയിരുന്ന എൽദോ എബ്രഹാം ഈ വാർഡിനെ പ്ലാസ്റ്റിക് സൗഹൃദ വാർഡാക്കി പ്രഖ്യാപിക്കുകയും ചെയ്തു. പൊതു സ്ഥലങ്ങളിൽ വെള്ളം കുടിച്ചതിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിയ്ക്കുവാനായി പ്ലാസ്റ്റിക് ബോട്ടിൽ തൊട്ടിൽ കെട്ടി നൂറ് കണക്കിന് ചാക്ക് പ്ലാസ്റ്റിക് ശേഖരിച്ചു. ചന്തപ്പാറ അങ്കണവാടിയിലേയ്ക്ക് ആവശ്യമായ ഫർണിച്ചറുകൾ, പുസ്തകങ്ങൾ തുടങ്ങിയവ നൽകി. ഒപ്പം സമ്പൂർണ്ണ ജൈവ പച്ചക്കറിയിലേയ്ക്കും, പേപ്പർ ക്യാരി ബാഗ് ഉപയോഗത്തിലേയ്ക്കും, അവയവദാന സമ്മത പത്രിക സമർപ്പിച്ച ഗ്രാമമാക്കി മാറ്റുന്നതിനും നേതൃത്വം നൽകി. കോവിഡ് മഹാമാരിയുടെ ഭാഗമായ ലോക്ക് ഡൗൺ സമയത്ത് വിദ്യാർത്ഥികളെ കൊണ്ട് ആയിരത്തോളം തുണി മാസ്ക് തയ്ച്ച് സൗജന്യമായി വിതരണം ചെയ്തു.  മൂവാറ്റുപുഴയിലെയും പരിസരത്തെയും അതിഥി തൊഴിലാളികൾക്ക് കോവിഡ് പ്രതിരോധ നിർദ്ദേശങ്ങളും ചിത്രങ്ങളും അടങ്ങുന്ന ലഘു ലേഖകൾ മലയാളത്തിന് പുറമെ, ഹിന്ദി, ബംഗാളി, കന്നട, തമിഴ്, ഒഡീഷ തുടങ്ങി വിവിധ ഭാഷകളിൽ തയ്യാറാക്കി വിതരണം ചെയ്തു. ഓട്ടോ, ടാക്സി ഡ്രൈവേഴ്സിനും വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് കാലത്ത് വരുന്നവരുടെ പേരും ഡീറ്റയിൽസും രേഖപ്പെടുത്തുന്നതിനായി അഞ്ഞൂറിലധികം “ബ്രേക്ക് ദി ചെയിൻ ഡയറികൾ” തയ്യാറാക്കി വിതരണം ചെയ്തു. സ്നേഹ സഞ്ജീവനി പദ്ധതി പ്രകാരം കോവിഡ് കാലയളവിൽ മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും  സഹായം കണ്ടെത്തി കൊടുക്കുന്നതിൻ്റെ ഭാഗമായി മരുന്നുകളും എൽ.ബി.ആർ.എൻ. ഫൗണ്ടേഷൻ നൽകിയ ഡിജിറ്റൽ ബ്ലഡ് ഷുഗർ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഡയബറ്റിക് രോഗികൾക്ക് നൽകി. ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി മുപ്പതിലധികം ടി.വി.യും, ഡിഷും, മൊബൈൽ ഫോണും സ്പോൺസർമാരെ കണ്ടെത്തി അർഹരായവരുടെ കൈകളിൽ എത്തിച്ചു. പരീക്ഷ കാലയളവിൽ  വിദ്യാർത്ഥികൾക്കും ലോക്ക് ഡൗൺ സമയത്ത് പൊതുജനങ്ങൾക്കുമുണ്ടായ മാനസിക സമ്മർദ്ദങ്ങൾക്ക് പരിഹാരമെന്ന നിലയിൽ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലറുടെ സഹായത്താൽ ടെലി കൗൺസലിംഗ് സേവനമൊരുക്കി.  കഴിഞ്ഞ പ്രളയത്തിൽ കുട്ടനാട്ടേയ്ക്കും, വയനാട്ടിലേയ്ക്കും നടത്തിയ ദുരിതാശ്വാസ ക്യാമ്പിലും മറ്റു  പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുകയും സാലറി ചലഞ്ചിലൂടെയും അല്ലാതെയുമായി രണ്ട് ലക്ഷത്തിലേറെ രൂപയ്ക്കുള്ള സഹായങ്ങൾ ചെയ്തു, ആയിരം ലിറ്റർ ക്ലീനിംഗ് ലോഷൻ, ഹാൻഡ് വാഷ് തുടങ്ങിയവ തയ്യറാക്കി സൗജന്യമായി വിതരണം ചെയ്തു.  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  2020 വൃക്ഷത്തൈകൾ നട്ട “നന്മ മരം ചലഞ്ച്” പദ്ധതി, ഹാർട്ട് ഫോർ എർത്ത് എന്ന അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ഗ്രീനത്തോൺ പദ്ധതിയുമായി ചേർന്ന് വിദേശ രാജ്യങ്ങളിലെ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ കൊണ്ട് അൻപതിനായിരത്തിലധികം വൃക്ഷത്തൈകൾ നടുകയും മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള നാഷണൽ അവാർഡും ലഭിച്ചിട്ടുണ്ട്. സ്വന്തം ജന്മദിനത്തിലും വിവാഹ വാർഷിക ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ച് മാതൃകയാകുകയും മറ്റുള്ളവർക്ക് പ്രചോദനമാകുകയും ചെയ്തിട്ടുണ്ട്. പ്രകൃതി സംരക്ഷണ പാഠവുമായി വിദ്യാർത്ഥികൾക്കൊപ്പം മലമുകളിലൂടെ കഥ പറഞ്ഞും നൃത്തം ചവിട്ടിയും മഴനടത്തം നടത്തി. വീടുകളിൽ മഴക്കുഴി എടുത്ത് അതിനൊപ്പം സെൽഫി എടുക്കുന്ന ചലഞ്ചിലൂടെ നൂറ്റി ഒന്ന് മഴക്കുഴികൾ എടുത്തു. പ്രളയ ശേഷം കിണറുകളിലും കുടിവെള്ളത്തിലുമുണ്ടായ മാറ്റങ്ങൾ തിരിച്ചറിയാനായി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ജലപരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു. പ്രകൃതിയെ അടുത്തറിയുന്നതിനുള്ള താൽപര്യം വർദ്ധിപ്പിക്കുവാനായി സ്കൂളിൽ വർണ വിരുന്നൊരുക്കി ശലഭോദ്യാനം തയ്യാറാക്കി. സ്കൂളിലും പരിസരത്തുമായി ബയോ ഡൈവേഴ്സിറ്റി പാർക്ക് തയ്യാറാക്കി. ഒരു കുട്ടിക്ക് ഒരു വാഴ പദ്ധതി പ്രകാരം സ്കൂൾ വളപ്പിൽ വാഴത്തൈകൾ വച്ച് പിടിപ്പിച്ചു. മഞ്ഞൾ, ഇഞ്ചി, കൂർക്ക, കപ്പ, കറ്റാർവാഴ, തുളസി തുടങ്ങിയവും നട്ട് പരിപാലിക്കുന്നുണ്ട്. പ്രമുഖ ആയുർവേദ ഗ്രൂപ്പ് ആയ ശ്രീധരീയവുമായി സഹകരിച്ച് അൻപതിലധികം ഔഷധ തൈകൾ ഉൾപ്പെടുത്തി മെഡിസിനൽ ഗാർഡൻ, ഗൃഹ ചൈതന്യം പദ്ധതി പ്രകാരം ആയിരത്തിലധികം ആര്യവേപ്പ് തൈകൾ മുളപ്പിച്ച് വിതരണം ചെയ്തു. പഠിയ്ക്കാം പ്ലാവിലൂടെ പദ്ധതി പ്രകാരം വീടുകളിലും പരിസരത്തും പ്ലാവിൻ തൈകൾ നടുകയും ചക്കയുടെയും ചക്ക ഉത്പന്നങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി. കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈൻ പഠനത്തിൻ്റെ ഭാഗമായി വി.എച്ച്.എസ്.ഇ. യുടെ ഒഫിഷ്യൽ ചാനലായ ഇ-വിദ്യാലയത്തിലൂടെ ലൈവ് സ്റ്റോക് മാനേജ്മെൻ്റ് വിഷയത്തിൽ നിരവധി വീഡിയോ ക്ലാസുകൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എസ്.സി.ഇ.ആർ.റ്റി. വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്കായി ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് വിഷയത്തിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ രചയിതാവാണ് സമീർ മാഷ്. വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ അംഗീകൃത അധ്യാപക സംഘടനയായ  വൊക്കേഷണൽ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, ട്രഷറർ, വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്, നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ, കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ തൃശൂരിൽ വച്ച് നടത്തിയ അഗ്രി ഹാക്കത്തോണിൻ്റെ ജൂറി മെമ്പർ തുടങ്ങി നിരവധി സ്ഥാനങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച ഭിന്നശേഷി സൗഹൃദ സ്കൂൾ, മീഖൾ സുസൺ ബേബിയ്ക്ക് സംസ്ഥാന സർക്കാരിൻ്റെ മികച്ച വോളണ്ടിയർ അവാർഡ്, നാഷണൽ ഇൻ്റഗ്രേഷൻ ക്യാമ്പുകളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം, പതിമൂന്ന്  വർഷം തുടർച്ചയായി എസ്.എസ്.എൽ.സി. യ്ക്ക് നൂറു ശതമാനം വിജയം, ചരിത്രത്തിലാദ്യമായി വി.എച്ച്.എസ്.ഇ. വിഭാഗത്തിന് നൂറുശതമാനവും, ഫുൾ എപ്ലസ് വിജയവും തുടങ്ങി പഠന പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സ്കൂളിന്റെ ഭാഗമാണ് ഈ അധ്യാപകനും. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാർക്കു കേന്ദ്ര ഗവൺമെന്റ് നൽകുന്ന നാഷണൽ യങ്ങ് ലീഡേഴ്സ് അവാർഡ്, കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ  റിസോഴ്സ് എൻ.ജി.ഒ. ആയ സോഷ്യൽ റിസർച്ച് സൊസൈറ്റി മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ “എമിനൻ്റ് ടീച്ചർ അവാർഡ്” സംസ്ഥാന സർക്കാരിന്റെ മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർക്കുള്ള ഡയറക്ടറേറ്റ് തലത്തിലുള്ള അവാർഡ്, മലയാള മനോരമ നല്ലപാഠം, മാതൃഭൂമി സീഡ് ക്ലബ്ബ് തുടങ്ങിയവയിലെ  മികച്ച ടീച്ചർ കോർഡിനേറ്റർക്കുള്ള അവാർഡും ലഭിച്ചു. അവാർഡ് തുക മുഴുവൻ ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റിവച്ചു. കോവിഡ് 19 കാലഘട്ടത്തിലെ മികച്ച മാതൃകാ പ്രവർത്തനങ്ങൾക്ക് എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെൻ്റർ ഏർപ്പെടുത്തിയ എ.പി.ജെ. കലാം പുരസ്കാരവും, മനോരമ മലബാർ ഗോൾഡ് ഏർപ്പെടുത്തിയ ഗോൾഡൻ സല്യൂട്ട് അംഗീകാരവും ലഭിച്ചു. അധ്യാപന രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ലാൽ ബന്ധുരാജ് നാരായൺജി ഫൗണ്ടേഷൻ നൽകിയ കർമ്മ സേവപുരസ്കാരം,  മികച്ച സാമൂഹിക സേവനത്തിന് അടൂർ ഭാസി കൾച്ചറൽ ഫോറം നൽകുന്ന കർമ്മ രത്ന പുരസ്കാരം, മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിനുള്ള ഗാന്ധി സേവ പുരസ്കാരം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് സംസ്ഥാന മദ്യ വർജന സമിതി ഏർപ്പെടുത്തിയ മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.  വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്നതിനിടയിലും ഈ അധ്യാപകൻ രക്തം നൽകിയത് നിരവധി പേർക്ക്. ജീവൻ്റെതുള്ളിയായ രക്തദാനം ചെയ്യാനായി ജീവിതം മാറ്റിവച്ചത്.  ജീവൻ്റെ തുടിപ്പ് നിലനിർത്താൻ മനം നൊന്ത് വിളിക്കുന്നവർക്ക് ജീവജലം പകർന്നത് ഇരുപത്തിഅഞ്ച് തവണയിലേറെ,  സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി ലോക അവയവദാന ദിനത്തിൽ സ്വന്തം പേരിലും മറ്റുള്ളവരെക്കൊണ്ടും മൂവായിരത്തിലധികം അവയവദാന സമ്മതപത്രമാണ് ഒപ്പിട്ട് ശേഖരിച്ചത്. ഡ്രൈ ഡേയുടെ ഭാഗമായി നടത്തിയ പരിസര ശുചീകരണ ചലഞ്ചിൽ പ്രഷ്യസ് ഡ്രോപ്പ്സ് സംഘടനയ്ക്കൊപ്പം പങ്കെടുത്ത് ഒന്നാം സമ്മാനമായി ലഭിച്ച അൻപതിനായിരം രൂപ മുഴുവൻ വൃക്കരോഗിയായ യുവാവിൻ്റെ ഡയാലിസിസ് ചിലവിനായി നൽകി. സാമൂഹ്യ നീതി വകുപ്പ് നടത്തിയ ലഹരിക്കെതിരെ കൈകോർക്കാം ലഹരി വിമുക്ത എറണാകുളം എന്ന ക്യാമ്പയിനിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിന് നേതൃത്വം നൽകി ഒന്നാം സമ്മാനം നേടി. വിദ്യാർത്ഥികൾക്ക് കരാട്ടെ, നീന്തൽ, പ്രഥമ ശുശ്രുഷ, കൃത്രിമ ശ്വാസം നൽകുന്നതിനുള്ള സി.പി.ആർ തുടങ്ങിയവയിൽ പരിശീലനം നൽകി. മാറാടി പഞ്ചായത്തിൽ നടന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പിൽ ഓൺലൈൻ രജിസ്ട്രേഷൻ, സാനിറ്റൈസേഷൻ ചെയ്യൽ, ഭിന്നശേഷിക്കാരെ വാക്സിൻ സെൻ്ററിൽ എത്തിക്കുക, വാക്സിൻ ബോധവൽക്കരണത്തിനായി ഷോർട്ട് ഫിലിം നിർമ്മിക്കുക, ഒപ്പം ആറാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോവിഡ് രോഗികളുടെ വീട്ടിൽ പോയി വോട്ട് ചെയ്യിപ്പിക്കുന്നതിനുള്ള സ്പെഷ്യൽ പോളിംഗ് ഓഫീസർ ആയും സേവനമനുഷ്ഠിച്ചു. കഴിഞ്ഞ ഇലക്ഷനിൽ പ്രായമായവർക്കും കന്നി വോട്ടർമാർക്കും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തുന്നതിനായി വീടുകളിൽ ചെന്ന് പരിശീലനം നൽകി. കോട്ടയം എം. സി. റോഡിലെ തുടർച്ചയായ അപകടങ്ങളും അപകട മരണങ്ങളും പതിവായപ്പോഴും, റോഡിലെ കാഴ്ച തടസപ്പെടുത്തുന്ന രീതിയിലുള്ള കൂറ്റൻ പരസ്യ ബോർഡുകൾ നീക്കം ചെയ്യുന്നതിനും വേണ്ടി തപാൽ ദിനത്തിൽ നൂറ്റി ഒന്ന് കത്തുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് അയച്ച് ഉടനടി പരിഹാരം കണ്ടെത്താനും കഴിഞ്ഞു. റോഡിനു വശങ്ങളിൽ സ്ഥാപിച്ചിരുന്ന ദിശ ബോർഡുകൾ കഴുകി വൃത്തിയാക്കി ഒപ്പം അപകട വളവുകളിൽ പൊതുമരാമത്ത് വകുപ്പിൻ്റെ സഹായത്തോടെ പുതിയ ബോർഡുകളും സ്ഥാപിപ്പിക്കുവാൻ കഴിഞ്ഞു. പ്രധാനമന്ത്രി ജൻ ധൻ യോജന, ഉജ്വൽ യോജന, ഗ്രാമീൺ ഡിജിറ്റൽ സാക്ഷരത അഭിയാൻ, സ്വച്ച് ഭാരത് ക്ലീൻ തുടങ്ങിയ കേന്ദ്ര ഗവൺമെൻ്റിൻ്റെ പദ്ധതികളിലും സജീവ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കേരളത്തിനെ പ്രതിനിധീകരിച്ച് കർണ്ണാടകയിൽ നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ കേരള എൻ.എസ്.എസ്. ടീമിനെ നയിച്ചു. മികച്ച രക്തദാന പ്രവർത്തനങ്ങൾക്കുള്ള തെർമോ പെൻ പോൾ അവാർഡ്, പ്രിഷ്യസ് ഡ്രോപ്പ്സ് എക്സലൻസി അവാർഡ്, മികച്ച കാർഷിക പ്രവർത്തനങ്ങൾക്കുള്ള കൃഷിപാഠം സ്കൂൾ അവാർഡ്, മികച്ച കർഷക അധ്യാപകനുള്ള കേരള ബാല കൃഷിശാസ്ത്ര കോൺഗ്രസ് അവാർഡ്. കൂടാതെ ജീവകാരുണ്യം, ഊർജ സംരക്ഷണം,  പരിസ്തിഥി സംരക്ഷണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിയ്ക്കുന്നു.
സ്കൂൾ പ്രിൻസിപ്പാൾ റനിത ഗോവിന്ദ് , ഹെഡ്മസ്റ്റർ. അജയൻ എ.എ, പി.ടി.എ പ്രസിഡൻ്റ് പി.റ്റി.അനിൽകുമാർ, മദർ പി.റ്റി.എ. സിനിജ സനൽ, സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി അവിരാച്ചൻ, മുൻ പ്രിൻസിപ്പാൾ റോണി മാത്യു, മുൻ പ്രഥമ അധ്യാപകരായ കെ.സജികുമാർ, സഫിയ സി.പി, സീനിയർ അസിസ്റ്റൻ്റുമാരായ ഡോ.അബിത രാമചന്ദ്രൻ, ഗിരിജ എം.പി, സ്കൂൾ കൗൺസലർ ഹണി വർഗീസ്, രതീഷ് വിജയൻ, വിനോദ് ഇ.ആർ., പൗലോസ് റ്റി., വോളൻ്റിയർ സെക്രട്ടറിമാരായ മീഖൾ സൂസൺ ബേബി, അഷ്കർ നൗഷാദ്, നിഷ സന്തോഷ്, ആദർശ് ബിനു, ധനുരാജ  പി .റ്റി, അനന്യ വിനോദ്, എൽന എൽദോസ്, തുടങ്ങിയവരായിരുന്നു  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായ റിട്ടയേർഡ് കോളേജ് അധ്യാപകനായ ഡോ.എം.സദ്ദീക്കുൽ കബീറിൻ്റെയും ഷാജി ബീഗത്തിൻ്റെയും മൂത്ത മകനാണ്. സമീർ സിദ്ദീഖിയും ദി കേക്ക് ഗേൾ എന്ന ഹോം ബേക്കേഴ്സ് ഉടമയായ ഭാര്യ തസ്നിമും, നാലാം ക്ലാസുകാരനായ മകൻ റൈഹാനും ഈസ്റ്റ് മാറാടിയിലാണ് താമസം.  പ്രായം പഠനത്തിന് ഒരു തടസമല്ലന്ന് മനസിലാക്കിയ ഈ അധ്യാപകൻ ഇപ്പോഴും ഒരു വിദ്യാർത്ഥിയാണ്, അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് ലേബർ മാനേജ്മെന്റിന് പഠിച്ചു കൊണ്ടിരിക്കുകയാണ്. ബി.എസ്.സി.,  എൽ.എൽ.ബി,  എം.ബി.എൽ.,  എം.എസ്.ഡബ്ലിയു, എം.എസ്.സി തുടങ്ങിയ ബിരുദ ബിരുദാനങ്ങൾ നേടിയിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സിലെ പ്രവർത്തന മികവിന് രാഷ്ട്രപതിയുടെയും, ഗവർണറുടെയും അവാർഡും നേടിയിട്ടുണ്ട്. ഇന്ത്യൻ റെഡ് ക്രോസ് ഫസ്റ്റ് എയിഡ് പരിശീലനം പൂർത്തിയാക്കുന്നവർക്ക് നൽകുന്ന സെന്റ് ജോൺസ് ആംബുലൻസ് ബാഡ്ജ് ഹോൾഡറും ലൈഫ് മെമ്പറുമാണ്. വീട്ടിൽ ജൈവ പച്ചക്കറി കൃഷിയും കോഴി, ആട്, പശു, കാടക്കോഴി തുടങ്ങിയവയെയും വളർത്തുന്നു.
സംസ്ഥാനത്തെ വി.എച്ച്.എസ്. സ്കൂളുകളായ തിരുവനന്തപുരം ജില്ലയിലെ പരുത്തിപ്പള്ളി, വെള്ളനാട്, പൂവച്ചൽ, പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂർ, ആലപ്പുഴ ജില്ലയിലെ  ചെങ്ങന്നൂർ , കണ്ണൂർ ജില്ലയിലെ പുളിങ്ങോം, തുടങ്ങിയ നിരവധി സ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!