പായിപ്ര പഞ്ചായത്തിൽ വാക്‌സിനേഷന്‍ 100 ശതമാനത്തിലേക്ക്….

 

 

മൂവാറ്റുപുഴ: മെഗാ വാക്‌സിന്‍ ക്യാമ്പിലൂടെ പായിപ്ര പഞ്ചായത്തിൽ വാക്‌സിനേഷന്‍ 100 ശതമാനത്തിലേക്ക് അടുക്കുന്നു. എറണാകുളം ജില്ലയില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള പഞ്ചായത്തുകളില്‍ ഒന്നായ പായിപ്ര പഞ്ചായത്തിലെ അന്‍പതിനായിരത്തോളം വരുന്ന ജനസംഖ്യയിൽ നാല്‍പ്പത്തി എണ്ണായിരത്തോളം പേര്‍ ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു. ആദ്യഘട്ടത്തില്‍ എല്ലാ പഞ്ചായത്തുകള്‍ക്കും ഒരേ അളവില്‍ വാക്‌സിന്‍ നല്‍കിയിരുന്ന സാഹചര്യത്തില്‍ ജനസംഖ്യ കൂടുതലുള്ള പായിപ്ര പഞ്ചായത്തില്‍ വാക്‌സിന് ബുദ്ധിമുട്ട് അനുഭവപെട്ടിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതി കളക്ടറെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കുകയായിരുന്നു. മെമ്പര്‍മാരുടെയും ആശാ വര്‍ക്കര്‍മാരുടെയും അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ശ്രമഫലമായാണ് നാല്‍പ്പത്തി എണ്ണായിരത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായത് എന്ന് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു. ഒരു ഘട്ടത്തില്‍ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിച്ചവരെ ബോധവല്‍ക്കരണം നടത്തിയും പഞ്ചായത്തിലെ ജനസംഖ്യ കണക്ക് ഉന്നത ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി വാക്‌സിന്‍ ലഭ്യത ഉറപ്പു വരുത്തിയുമാണ് പഞ്ചായത്തില്‍ വാക്‌സിനേഷനില്‍ മുന്നേറ്റം നടത്താന്‍ സാധിച്ചത്. പഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലേബര്‍ ഓഫീസറുമായി ബന്ധപ്പെട്ട് വാക്‌സിന്‍ എടുക്കാനുള്ള സൗകര്യവും ഒരുക്കിയതിലൂടെ പഞ്ചായത്തിന് അഭിമാനകരമായ നേട്ടം കൈവരിക്കാനായെന്ന് മാത്യൂസ് വര്‍ക്കി പറഞ്ഞു. കോവിഡ് 19 നിയന്ത്രിക്കുന്നതിന് ഡി.സി.സി. യുടെ പ്രവര്‍ത്തനം പായിപ്ര പഞ്ചായത്തിൽ ഇപ്പോഴും തുടരുന്നുണ്ട്.

Back to top button
error: Content is protected !!