അജ്ഞാത ജീവി ആക്രമണം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍

വാഴക്കുളം: മണിയന്തടം, വടകോട് പ്രദേശങ്ങളില്‍ രണ്ടാഴ്ചയിലേറെയായി തുടരുന്ന അജ്ഞാത ജീവിയുടെ ആക്രമണ ഭീഷണിയില്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ജീവന് തന്നെ ഭീഷണിയായ അജ്ഞാത ജീവിയെ തിരിച്ചറിയാനോ നിത്യേന ഉണ്ടാകാവുന്ന ആക്രമണ ഭീഷണി ഒഴിവാക്കാനോ ക്രിയാത്മകമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന ആരോപണം ശക്തമായിട്ടുണ്ട്.കഴിഞ്ഞ പത്തിനാണ് മേഖലയില്‍ അജ്ഞാത ജീവിയുടെ സാന്നിധ്യം ആദ്യം അറിഞ്ഞത്.13 ന് രാത്രി സമീപത്തുള്ള ആട് കൊല്ലപ്പെടുകയും ചെയ്തിരുന്നു.കഴിഞ്ഞ ബുധനാഴ്ച രാവിലെ കല്ലൂര്‍ക്കാട്ടെ തടി വ്യാപാരി പുലിയെന്നു സംശയിക്കുന്ന അജ്ഞാത ജീവിയെ അടുത്തു കണ്ടിരുന്നു. സമീപത്തു തന്നെയുള്ള മറ്റൊരു റബര്‍ തോട്ടത്തിനു സമീപം വ്യാഴാഴ്ച രാവിലെ മുള്ളന്‍പന്നിയുടെ കൊല്ലപ്പെട്ട നിലയിലുള്ള ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ എംഎല്‍എയും എംപിയും ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നിസംഗത തുടരുകയാണ്.പകല്‍ പോലും പ്രദേശവാസികള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. പ്രദേശത്ത് കൂടുതല്‍ കാമറ സ്ഥാപിക്കാനും വന്യജീവികള്‍ക്കായി കെണികള്‍ ഒരുക്കാനും വനം വകുപ്പ് തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. മേഖലയില്‍ വേണ്ടത്ര സജ്ജീകരണങ്ങളോടെ വനം വകുപ്പ് പട്രോളിംഗ് നടത്തണമെന്ന നിര്‍ദ്ദേശവും പ്രദേശവാസികള്‍ക്കുണ്ട്. അജ്ഞാത ജീവി മനുഷ്യരെ ആക്രമിക്കുന്നതുള്‍പ്പെടെ കൂടുതല്‍ ദുരന്തമുണ്ടാകുന്നതിന് കാത്തിരിക്കാതെ സ്ത്രീകളും കുട്ടികളും വളര്‍ത്തുമൃഗങ്ങളുമുള്ള ജനവാസ മേഖലയ്ക്കു സമീപം തുടരുന്ന അജ്ഞാത ജീവിയുടെ ആക്രമണ ഭീഷണിയ്ക്കു അറുതി വരുത്താന്‍ സര്‍ക്കാര്‍ തല നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.

Back to top button
error: Content is protected !!