പി​റ​വത്തെ ഇളക്കിമറിച്ച് യുഡിഎഫ് റോ​ഡ് ഷോ

പിറവം: പിറവത്തെ ഇളക്കിമറിച്ച് നടന്ന റോഡ് ഷോ യുഡിഎഫ് പ്രവര്‍ത്തകരില്‍ ആവേശം പകര്‍ന്നു. കോട്ടയം ലോക്‌സഭാ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് പിറവം ടൗണില്‍ റോഡ് ഷോ നടത്തിയത്. കൈരളി ഓഡിറ്റോറിയത്തിന് മുന്നില്‍ നിന്നാരംഭിച്ച റോഡ് ഷോ നഗരംചുറ്റി സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ സമാപിച്ചു. ഓട്ടോ റാലിയുടെ അകമ്പടിയോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ അണിനിരന്നു. രമേശ് ചെന്നിത്തലയോടൊപ്പം അനൂപ് ജേക്കബ് എംഎല്‍എയും, യുഡിഎഫ് നേതാക്കന്മാരും തുറന്ന വാഹനത്തില്‍ റോഡ് ഷോയില്‍ പങ്കെടുത്തു. സമാപന സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടുമെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു മതേതര ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.ആര്‍. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എംഎല്‍എ, മുന്‍ മന്ത്രി ടി.യു. കുരുവിള. ജോസഫ് വാഴക്കന്‍, വി.ജെ. പൗലോസ്, ജയ്‌സണ്‍ ജോസഫ്, ഐ.കെ. രാജു, ആശ സനല്‍, ഷിബു തെക്കുംപുറം എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!