വരള്‍ച്ച: അടിയന്തര യോഗം വിളിക്കണമെന്ന് എല്‍ദോ എബ്രഹാം

മൂവാറ്റുപുഴ: കടുത്ത വേനലിന്റെ പശ്ചാത്തലത്തില്‍ മൂവാറ്റുപുഴയില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഉന്നതതല യോഗം വിളിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം. റവന്യൂ, ജല അതോറിറ്റി, മൈനര്‍, മേജര്‍ ഇറിഗേഷന്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കെഎസ്ഇബി, കൃഷി എന്നി വകുപ്പ് തല ഉദ്യേഗസ്ഥരേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരെയും ഉള്‍പ്പെടുത്തി യോഗം ചേരണം. നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കോളനികളിലും, ഉയര്‍ന്ന പ്രദേശങ്ങളിലും നൂറ് കണക്കിന് കുടുംബങ്ങള്‍ പ്രതിഷേധത്തിലാണ്. ജല അതോറിറ്റി നല്‍കുന്ന കുടിവെള്ളം ശുദ്ധീകരിക്കാത്തതാണെന്നും ജനങ്ങള്‍ പരാതിപ്പെടുന്നുണ്ട്. വരള്‍ച്ചയെ തുടര്‍ന്ന് പമ്പിംഗ്‌സ്റ്റേഷനുകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. വെള്ളം ശുദ്ധീകരിക്കുന്ന നടപടികള്‍ പേരിനു മാത്രമായി മാറി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തനത് ഫണ്ട് ഇല്ലാത്തത് ടാങ്കറുകള്‍ വഴിയുള്ള ജലവിതരണത്തെയും അവതാളത്തിലാക്കി. പുഴയിലെ ജലനിരപ്പ് താഴ്ന്നത് ജല അതോറിറ്റിയുടെ പമ്പിംഗിനെ സാരമായി ബാധിച്ചിട്ടുണ്ട്. ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപ ചെലവഴിക്കപ്പെട്ടതല്ലാതെ നാടിന് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ആയിരക്കണക്കിന് കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. കിണറുകള്‍ വറ്റിയതോടെ സ്വന്തം സ്ഥലത്തെ ജലസേചനവും നിലച്ചു. കനാലുകള്‍ വഴിയുള്ള വെള്ളം നിശ്ചിത പ്രദേശത്തെ കര്‍ഷകര്‍ക്ക് മാത്രമാണ് പ്രയോജനം ലഭിക്കുന്നത്. ജാതിയും മംഗുസ്റ്റിനും, വാഴയും, പൈനാപ്പിളും വെള്ളമില്ലാത്തതിനാല്‍ കരിഞ്ഞ് ഉണങ്ങി. താലൂക്ക് ആസ്ഥാനത്ത് നിന്ന് ജനങ്ങള്‍ക്ക് കുടിവെള്ളം ടാങ്കര്‍ വഴി എത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!