ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ്: യു.ഡി.എഫ് മെമ്പര്‍മാര്‍ പുത്തന്‍കുരിശ് പഞ്ചായത്തിന് മുന്നില്‍ പ്രധിഷേധ ധര്‍ണ്ണ നടത്തി

കോലഞ്ചേരി: വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ യുഡിഫ് മെമ്പര്‍മാര്‍ പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡ് ആയ ബ്രഹ്‌മപുരത്ത് കഴിഞ്ഞ 13 ദിവസം മാലിന്യം കത്തി പ്രദേശത്തുഉള്ള ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയ സംഭവത്തില്‍ പഞ്ചായത്ത് അടിയന്തരമായി കമ്മിറ്റി വിളിക്കുകയോ അതിനുവേണ്ട നടപടി സ്വീകരിക്കുകയോ ചെയ്യാത്തതില്‍ പ്രധിഷേധിച്ചാണ് സമരം നടത്തിയത്. അടിയന്തരമായി കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ കത്ത് നല്‍കിയിട്ടും കമ്മിറ്റി വിളിക്കാന്‍ പഞ്ചായത്ത് തയ്യാറായില്ലെന്ന് യു.ഡി.എഫ് ആരോപിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇനി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ നിക്ഷേപിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന് വിരുദ്ധമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇപ്പോഴും നിക്ഷേപിക്കുന്നുണ്ടെന്നും യു.ഡി.എഫ് ആരോപിച്ചു.സാധാരണ ജനങ്ങളില്‍ നിന്നും 50 രൂപ വാങ്ങി പ്ലാസ്റ്റിക് ശേഖരിക്കുകയും, ആശാസ്ത്രീയമായ രീതിയില്‍ പ്ലാസ്റ്റിക് കൈകാര്യം ചെയ്യുന്ന വ്യാപാരികളില്‍ നിന്ന് ആയിരക്കണക്കിന് രൂപ ഫൈന്‍ ഈടാക്കുകയും ചെയ്യുന്ന പഞ്ചായത്ത് കൊച്ചി കോര്‍പ്പറേഷന്‍ അശാസ്ത്രീയമായ രീതിയില്‍ വീണ്ടും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കണ്ടിട്ട് മൗനമായി ഇരിക്കുന്നത് അംഗീകരിക്കാന്‍ കഴിയുകയില്ലെന്നും സമരക്കാര്‍ പറഞ്ഞു. ഉടന്‍ തന്നെ കോര്‍പ്പറേഷന് സ്റ്റോപ്പ് മെമ്മോ നല്‍കിയില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ മെമ്പര്‍മാര്‍ പറഞ്ഞു. പ്രതിപക്ഷ മെമ്പര്‍മാരായ ബെന്നി പുത്തന്‍വീടന്‍, എം.എം ലത്തീഫ്, മഞ്ജു വിദ്യാധരന്‍, സജിത പ്രദീപ്, ഷാനിഫ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!