പോയാലി മലയില്‍ സഞ്ചാരികളുടെ പ്രവാഹവും ഏറുന്നു.

 

മൂവാറ്റുപുഴ : കോവിഡ് മഹാമാരിക്ക് നേരിയ ശമനം വന്നതോടെ പോയാലി മലയില്‍ സഞ്ചാരികളുടെ പ്രവാഹവും ഏറുന്നു. പ്രകൃതി രമണീയമായ പായിപ്ര പഞ്ചായത്തിലെ പോയാലി മലയില്‍ അവധി ദിനങ്ങളില്‍ നൂറ് കണക്കിനാളുകളാണ് വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തി കൊണ്ടിരിക്കുന്നത്. മല മുകളിലേക്ക് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എളുപ്പത്തില്‍ കയറാന്‍ പറ്റുന്നതാണ് പോയാലിമല സഞ്ചാരികള്‍ക്ക് പ്രിയമാകാന്‍ കാരണം. മാസങ്ങള്‍ക്ക് മുമ്പ് പോയാലിമലയുടെ ടൂറിസത്തിന്‍റെ അനന്ത സാധ്യതകള്‍ മനസിലാക്കി നാട്ടുകാരുടെ നേതൃത്വത്തില്‍ പോയാലിമല സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ നേതൃത്വത്തില്‍ മലയ്ക്ക് മുകളില്‍ യോഗം ചേരുകയും പോയാലിമല ടൂറിസം പ്രൊജക്ട് നടപ്പാക്കുന്നതിന് വേണ്ട ഇടപെടല്‍ നടത്തുന്നതിന് തീരുമാനിക്കുകയും ചെയ്തിരുന്നു. വിനോദ സഞ്ചാര കേന്ദമാക്കുന്നതിനുളള എല്ലാം സാധ്യതകളും ഒത്തിണങ്ങിയ പോയാലിമലയെ വിനോദ സഞ്ചാരമാക്കണമെന്ന ആവശ്യം രണ്ടു പതിറ്റാണ്ട് മുമ്പ് ഉയര്‍ന്നതാണ്. കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന മലമുകളില്‍ ഒരിക്കലും വെളളം വറ്റാത്ത കിണറാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പ്രകൃതി ഭംഗിയും ആസ്വദിക്കാന്‍ നിരവധി പേര്‍ എത്തുന്നുണ്ടെങ്കിലും മലമുകളിലെത്തുന്നതിനു വേണ്ട സൗകര്യങ്ങള്‍ പരിമിതമാണ്. പലരും സാഹസികമായി കല്ലുകളില്‍ നിന്നും പാറകളിലേക്ക് ചാടി കടന്നാണ് മലമുകളില്‍ എത്തിപെടുന്നത്. മൂവാറ്റുപുഴ നഗരത്തില്‍ നിന്നും ഒന്‍മ്പത് കിലോമീറ്റര്‍ മാത്രം അകലത്തില്‍ പായിപ്ര പഞ്ചായത്തിലെ രണ്ട്, മൂന്ന്, വാര്‍ഡുകളിലായി സ്ഥിതിചെയ്യുന്ന പോയാലിമല ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുളള സാഹചര്യങ്ങളും നിലവിലുണ്ട്. മൂന്നാറിന് പോകുന്ന ടൂറിസ്റ്റുകള്‍ക്ക് ഇടതാവളമാക്കുവാനും പോയാലിമല പ്രയോജനപ്പെടും. സമുദ്രനിരപ്പില്‍ നിന്നും അഞ്ഞൂറ് അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പാറക്കെട്ടുകളും, മൊട്ട കുന്നുകളും നിറഞ്ഞ് അനുഗ്രഹീതമാണ്. നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മലയില്‍ ഏതു സമയവും വീശിയടിക്കുന്ന ഇളം കാറ്റും കൂട്ടിനുണ്ട്. ഐതീഹ്യങ്ങള്‍ ഏറെയുളള മലയുടെമുകളിലുളള കിണറും, കാല്‍പ്പാദങ്ങളും പുറമെനിന്ന് എത്തുന്നവരും നാട്ടുകാര്‍ എപ്പോഴും അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. നേരത്തെ മലയിലേക്കെത്താന്‍ നിരവധി വഴികളുണ്ടായിരുന്നെങ്കിലും ഇപ്പോഴിതെല്ലാം പലരും കൈയ്യേറി കഴിഞ്ഞു. മലയുടെ താഴ്ഭാഗം മുഴുവന്‍ സ്വകാര്യ വ്യക്തികളുടെ കൈവശവുമായി. നിലവില്‍ നിരപ്പ് ഒഴുപാറയില്‍ നിന്നും ആരംഭിക്കുന്ന ചെറിയ ഒരു വഴിമാത്രമാണ് മലമുകളിലേക്ക് കയറാനുളളത്. മലയുടെ മറുഭാഗത്തെ മനോഹരമായ കാഴ്ചയായിരുന്ന വെളളച്ചാട്ടം കരിങ്കല്‍ ഖനനം മൂലം അപ്രത്യക്ഷമായി. മുളവൂര്‍ തോടിന്‍റെ കൈവഴിയായി ഒഴുകിയെത്തിയിരുന്ന കല്‍ചിറ തോട്ടിലെ നീന്തല്‍ പരിശീലന കേന്ദ്രവും കാണാനില്ല. പോയാലി മലയെ ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്ന ആവശ്യം ഉന്നയിച്ച് നേരത്തെ ജനപ്രതിനിധികള്‍ നിവേദനം നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. കഴിഞ്ഞ പായിപ്ര പഞ്ചായത്തിന്‍റെ ബജറ്റില്‍ പോയാലി ടൂറിസം പദ്ധതിയ്ക്ക് 10 ലക്ഷം വകയിരുത്തിയെങ്കിലും പിന്നീട് പദ്ധതികളൊന്നും നടപ്പായില്ല. കഴിഞ്ഞ സംസ്ഥാന ബജറ്റിലും പോയാലിമല ടൂറിസം പദ്ധതിക്ക് തുക വകയിരുത്തിയിരുന്നു. പോയാലി ടൂറിസം പദ്ധതിയുടെ ഭാഗമായി മലയില്‍ എളുപ്പത്തില്‍ എത്താവുന്ന രൂപത്തില്‍ റോഡ് ഉണ്ടാക്കുക, റോപ്പെ സ്ഥാപിക്കുക, മലമുകളിലെ വൂ പോയിന്‍റുകളില്‍ കാഴ്ച സൗകര്യങ്ങള്‍ ഒരുക്കുക, വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക, മലമുകളിലെ അത്ഭുത കിണറും, കാല്‍പാദവും, വെളളച്ചാട്ടവും, കല്‍ചിറകളും സംരക്ഷിക്കുക, ഉദ്യാനങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയവ മലയില്‍ നടപ്പാക്കിയാല്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി പോയാലിമല മാറും. മാത്രവുമല്ല വിനോദ സഞ്ചാരകേന്ദ്രമാക്കാന്‍ എല്ലാ രീതിയിലും ഒത്തിണങ്ങിയ പോയാലിമല ടൂറിസം പദ്ധതി നടപ്പായാല്‍ നിരവധി പേര്‍ക്ക് തൊഴിലും ഒരു നാടിന്‍റെ അവശേഷിക്കുന്ന തനതു പൈതൃകവും ചരിത്രം നിലനിര്‍ത്താന്‍ കഴിയും.

ഫോട്ടോ ……………
പായിപ്ര പോയാലിമലയില്‍ സഞ്ചാരികളെത്തി തുടങ്ങിയപ്പോള്‍.

Back to top button
error: Content is protected !!