ഇന്ന് ലോക നൃത്ത ദിനം… നൃത്ത വിസ്മയം തീര്‍ത്ത് കലാമണ്ഡലം അഞ്ജലി ടീച്ചര്‍

 

പല്ലാരിമംഗലം : മുഖാഭിനയങ്ങളിലൂടെയും മുദ്രകളിലൂടെയും അംഗവിന്യാസങ്ങളിലൂടെയും നൃത്തച്ചുവടുകള്‍ തീര്‍ക്കുന്ന വാരപ്പെട്ടി ഇളങ്ങവം സ്വദേശിനി കലാമണ്ഡലം അഞ്ജലി സുനില്‍ നൃത്തരംഗത്ത് ശ്രദ്ധേയമാകുന്നു. നൃത്തം പഠിക്കാനെത്തുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ആശാകേന്ദ്രമായ അഞ്ജലി ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, കേരള നടനം, നങ്ങ്യാര്‍കൂത്ത് തുടങ്ങിയവയില്‍ നൃത്ത വിസ്മയമാണ്. പത്താം വയസില്‍ നൃത്തപഠനം ആരംഭിക്കുകയും 18 ാം വയസില്‍ നൃത്ത വിദ്യാലയം ആരംഭിക്കുകയും ചെയ്ത അഞ്ജലി വാരപ്പെട്ടിയില്‍ നാട്യാഞ്ജലി സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സസ് ആന്‍ഡ് മ്യൂസിക് എന്ന നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. നൃത്ത കലാരംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചതിന് 2018- 2019 കാലയളവിലെ ജെ സി ഡാനിയേല്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡും അഞ്ജലിയെ തേടിയെത്തി.
ഭര്‍ത്താവ് എം സി സുനിലിന്റെ സഹായത്തോടെ കടാതി, പുതുപ്പാടി, കാക്കൂര്‍, തൃക്കാരിയൂര്‍, കോതമംഗലം എന്നിവിടങ്ങളിലും നാട്യാഞ്ജലി ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ഓണ്‍ലൈനിലേക്ക് മാറിയ നൃത്തപഠനത്തില്‍ മൂന്നു വയസുള്ളവര്‍ മുതല്‍ 64 വയസുള്ളവര്‍ വരെയുണ്ടെന്ന് അഞ്ജലി പറയുന്നു. നാട്യാലയ ചന്ദ്രിക ടീച്ചറിന്റെയും രവികുമാര്‍ സാറിന്റെയും കീഴില്‍ നൃത്ത പഠനം ആരംഭിച്ച അഞ്ജലി എട്ടുമുതല്‍ പ്ലസ്ടു വരെ കേരള കലാമണ്ഡലത്തിലും തുടര്‍ന്ന് തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നിന്നും നൃത്തത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
കഴിഞ്ഞ 17 വര്‍ഷക്കാലമായി നൃത്ത അധ്യാപനത്തിലൂടെയും നൃത്തനൃത്യങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി നൂതനമായ ആവിഷ്‌കാര ശൈലി രൂപപ്പെടുത്തി കലാവേദികളെ ദൃശ്യവിസ്മയമാക്കുകയും 12 വര്‍ഷമായി അനേകം കലാപ്രതിഭകളെ സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുപ്പിച്ച് വിജയത്തിലെത്തിക്കാനും അഞ്ജലിക്ക് സാധിച്ചിട്ടുണ്ട്.
കലാകാരന്മാരുടെ സംഘടനയായ ഐഎടിയുടെ എറണാകുളം ജില്ല വൈസ് പ്രസിഡന്റ് കൂടിയായ അഞ്ജലി പല്ലാരിമംഗലം ശ്രീനിലയത്തില്‍ റിട്ട അധ്യാപകനായ എം എന്‍ രാധാകൃഷ്ണന്റെയും എംസി ഓമനയുടെയും മകളാണ്.

Back to top button
error: Content is protected !!