മൂവാറ്റുപുഴ നഗരസഭയുടെ ആധുനികഅറവ് ശാലയിൽ നിന്ന് യന്ത്രസാമഗ്രീകൾ കവർച്ച ചെയ്ത മോഷ്ടാക്കൾ പിടിയിൽ.

 

മൂവാറ്റുപുഴ:നഗരസഭയുടെ മാർക്കറ്റ് പരിസരത്തുള്ള ആധുനികഅറവ് ശാലയിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന യന്ത്രസാമഗ്രികൾ മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. ആനിക്കാട് കമ്പനിപടി പാലത്തിങ്കൽ അർഷാദ് (41), കാവുങ്കര കൊച്ചങ്ങാടി പുത്തൻപുര കുത്തു സുനി എന്ന് വിളിക്കുന്ന സുനി (37), കാവുങ്കര കല്ലുംമൂട്ടിൽ സുട്ടു എന്ന് വിളിക്കുന്ന മാഹിൻ (31), കാവുങ്കര കുട്ടത്തികുടിയിൽ ബ്ലഡ്‌ ഷിനാജ് എന്ന് വിളിക്കുന്ന ഷിനാജ് (37)എന്നിവരെയാണ് മുവാറ്റുപുഴ ഇൻസ്‌പെക്ടർ സിജെ മാർട്ടിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം തമിഴ്നാടിലെ ഉൾപ്രദേശത്തു നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഷിനാജ്,മാഹിൻ എന്നിവർ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് മുവാറ്റുപുഴയിൽ നടന്ന മോഷണകേസിലെ പ്രതികളാണ്. മറ്റൊരു പ്രതിയായ അർഷാദ് മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ മൂന്നോളം പിടിച്ചുപറി കേസിലെ പ്രതിയാണ്.കോയമ്പത്തൂർ- പൊള്ളാച്ചി റോഡിലെ വിവിധ ഹോട്ടലുകളിൽ സപ്ലയറായും, സഹായിമാരായും ജോലി ചെയ്തു വരികയായിരുന്നു പ്രതികൾ. അന്വേഷണ സംഘത്തിൽ എസ്ഐ ആർ.അനിൽ കുമാർ, എഎസ്ഐ പി.സി ജയകുമാർ, സിപിഓമാരായ ബിബിൽ മോഹൻ, സനൽ വി കുമാർ എന്നിവരും ഉണ്ടായിരുന്നു. മോഷണ മുതലുകൾ പെഴക്കാപ്പിള്ളി പള്ളിച്ചിറങ്ങരയിലുള്ള ആക്രികടയിൽ നിന്ന് പോലീസ് കണ്ടെടുത്തു.

Back to top button
error: Content is protected !!