“പല രീതിയിൽ കലിതുള്ളുന്നു കാലം …..” വിളവില്ലാതെ അഞ്ചരയേക്കർ പാടത്തെ നെൽകൃഷി. നെല്ല് ​ഗവേഷണകേന്ദ്രം പ്രതിനിധികൾ സാമ്പിളുകൾ ശേഖരിച്ചു. അപൂർവ്വ പ്രതിഭാസമെന്ന് കൃഷി വകുപ്പ്……

(Sajo Zacharia Andrews - Kolenchery.)

 

 

കോലഞ്ചേരി:കൊയ്തെടുക്കേണ്ട സമയമായിട്ടും കതിരിടാതെ നിൽക്കുന്ന പാടശേഖരം നൊമ്പരമാകുന്നു.കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പ് നെച്ചുപ്പാടം പാടശേഖരത്തിലെ അഞ്ചരയേക്കർ നെൽകൃഷിയാണ് വിളവെടുക്കേണ്ടസമയം കഴിഞ്ഞിട്ടും കതിരിടാതെ നിൽക്കുന്നത്. കൃഷിയിറക്കിയാൽ 100 ദിവസം കഴിയുമ്പോഴേയ്ക്കും കൊയ്തെടുക്കേണ്ട പാടത്തെ നെൽച്ചെടികളാണ് ഇപ്പോഴും കതിരണി‌യാതെ പച്ചപിടിച്ചുനിൽക്കുന്നത്.പാങ്കോട് കൊടിയാരിൽ ബിനു എന്ന കർഷകൻ പാട്ടത്തിനെടുത്ത കൃഷി‌യിടത്തിലെ നെൽകൃഷി‌യാണ് വിളവെടുക്കാനില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്.വൈറ്റില നെല്ല് ​ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രവിഭാ​ഗം പ്രതിനിധികൾ സ്ഥലത്തെത്തി പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.ഇത്തരം പ്രതിഭാസം അപൂർവ്വമാണെന്നും വളപ്രയോ​ഗത്തിലെ അപാകതയോ വിളവിന് ആവശ്യമായ സൂക്ഷ്മമൂലകങ്ങളുടെ കുറവോ ആകാം ഇതിനുകാരണമെന്നും, പരിശോധനാഫലം ലഭിച്ചതിനുശേഷമേ ഇതിലെ വ്യക്തമായ കാരണം കണ്ടെത്താനാകൂ എന്നും ​ഗവേഷണവിഭാ​ഗം പ്രതിനിധികൾ അറിയിച്ചു.തരിശുനിലങ്ങൾ പാട്ടത്തിനെടുത്ത് ക‍ൃഷിയിറക്കുന്ന ബിനുവിന് ഏകദേശം ഒരു ലക്ഷത്തിലധികം രൂപ‌യാണ് നഷ്ടം നേരീടേണ്ടിവന്നത്. കാലത്തിന്റെ പ്രതിഭാസമെന്നോ കാലാവസ്ഥയിലെ മാറ്റമോ, വിത്തിലെ പിഴയോ … എന്തു തന്നെയായിരുന്നാലും ഇത്തരം അനുഭവം മറ്റൊരു കർഷകർക്കും ഉണ്ടാകരുതെന്നും കർഷകനായ ബിനു പറയുന്നു.

 

Back to top button
error: Content is protected !!