ഏഴ് വയസുകാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സില്‍ നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തിപരത്തി.

 

മൂവാറ്റുപുഴ : ഏഴ് വയസുകാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സില്‍ നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തിപരത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ മൂവാറ്റുപുഴ അരമന ജംഗ്ഷനു സമീപമായിരുന്നു സംഭവം. തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ നിന്നും വണ്ണപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ആംബുലന്‍സിന്‍റെ മുന്‍ഭാഗത്തു നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ വാഹനം നിര്‍ത്തുകയായിരുന്നു. സൈറണ്‍ മുഴക്കി അതിവേഗത്തില്‍ വന്ന ആംബുലന്‍സ് പെട്ടെന്ന് നിര്‍ത്തിയതോടെ സമീപത്ത് വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന പോലീസ് സംഘവും ഓടിയെത്തി. തുടര്‍ന്ന് വെള്ളമൊഴിച്ചും മറ്റും പുക അണയ്ക്കുകയായിരുന്നു. ഇതിനിടെ ഞൊടിയിടയില്‍ എത്തിയ മറ്റൊരു ആംബുലന്‍സില്‍ കുട്ടിയെ ആലുവ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വീട്ടില്‍വച്ച് പെട്ടെന്ന് കുഴഞ്ഞു വീണതോടെ തൊടുപുഴ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ ഐസിയു സംവിധാനമുള്ള ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെയാണ് പുകയുയര്‍ന്നത്. തൊടുപുഴ ഹരിത ആംബുലന്‍സ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. കുട്ടി സുഖംപ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഫോട്ടോ …………..
മൂവാറ്റുപുഴ അരമന ജംഗ്ഷനു സമീപം ആംബുലന്‍സില്‍ നിന്നും പുകയുയര്‍ന്നതിനെ തുടര്‍ന്ന് രോഗിയെ മറ്റൊരു ആംബുലന്‍സില്‍ കയറ്റുന്നു.

Back to top button
error: Content is protected !!