ചിക്കന്‍പോക്‌സിനെതിരെ ജാഗ്രത വേണം; ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ചിക്കന്‍പോക്‌സ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ യഥാസമയം ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്. ചിക്കന്‍പോക്‌സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെ സമയമെടുത്തേക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിനു രണ്ട് ദിവസം മുമ്പു മുതല്‍ അവ ഉണങ്ങുന്നത് വരെ അണുബാധ പകരാനിടയുണ്ട്.

പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകള്‍, എന്നിവിടങ്ങളില്‍ തടിപ്പുകളായി തുടങ്ങി വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വരും. നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം. ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാർ, ദീര്‍ഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടാല്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

രോഗബാധിതര്‍ക്ക് വായുസഞ്ചാരമുള്ള മുറിയില്‍ പരിപൂര്‍ണ്ണ വിശ്രമം വേണം. ധാരാളം വെള്ളം കുടിക്കണം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടതെ ബ്ലീച്ചിങ് ലായനി ഒഴിച്ച് വൃത്തിയാക്കണം. ചൊറിച്ചിലിന് കലാമിന്‍ ലോഷന്‍ ഉപയോഗിക്കാം. കുഞ്ഞുങ്ങളുടെ ശരീരം മൃദുവായ തുണി കൊണ്ട് ഒപ്പിയെടുക്കണം. മുതിര്‍ന്നവര്‍ക്ക് ചൊറിച്ചില്‍ കുറയ്ക്കാന്‍ സാധാരണ വെളളത്തില്‍ കുളിക്കാം. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്നുകള്‍ നിർത്തരുതെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

Back to top button
error: Content is protected !!